News
ക്രൈസ്തവ വിരുദ്ധത തടയാന്‍ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്; അറ്റോർണി ജനറൽ നേതൃത്വം നല്‍കും
പ്രവാചകശബ്ദം 07-02-2025 - Friday
വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ വിരുദ്ധ പക്ഷപാതത്തിനെതിരെ പോരാടുന്നതിന് പുതിയ ഡിപ്പാർട്ട്‌മെൻ്റ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ വ്യാഴാഴ്ച രാവിലെ നാഷ്ണല്‍ പ്രെയർ ബ്രേക്ക്ഫാസ്റ്റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിൽ, ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറൽ ഗവൺമെൻ്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. പരിപാടിയ്ക്കിടെ പാം ബോണ്ടിയുടെ ഫോഴ്സിന്റെ നയത്തെ കുറിച്ചു ട്രംപ് സൂചന നല്‍കി.
രാജ്യവ്യാപകമായി ക്രൈസ്തവരുടെയും മറ്റ് മത വിശ്വാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുമെന്നും സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും പൂർണ്ണമായി വിചാരണ ചെയ്യുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. “ഞാൻ വൈറ്റ് ഹൗസിലായിരിക്കുമ്പോൾ, നമ്മുടെ സ്കൂളുകളിലും സൈന്യത്തിലും ഗവൺമെൻ്റിലും ജോലിസ്ഥലങ്ങളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും ക്രൈസ്തവരെ സംരക്ഷിക്കും, നമ്മള്‍ നമ്മുടെ രാജ്യത്തെ ദൈവത്തിൻ്റെ കീഴിൽ ഒരു രാഷ്ട്രമായി തിരികെ കൊണ്ടുവരും.”- ട്രംപ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ പ്രസിഡൻഷ്യൽ കമ്മീഷനും വൈറ്റ് ഹൗസ് വിശ്വാസ കാര്യാലയവും ടെലി ഇവാഞ്ചലിസ്റ്റ് റവ. പോള വൈറ്റ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ഒക്‌ടോബർ 7ന് ഹമാസ് ഭീകരർ പിടികൂടിയ ഇസ്രായേൽ ബന്ദികളാക്കിയ നിരവധി കുടുംബങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിലും പ്രാർത്ഥനകളിലും സൂക്ഷിക്കുന്നുണ്ടെന്നും പ്രസിഡൻ്റ് എന്ന നിലയിൽ, അവസാനത്തെ ബന്ദിയേയും തിരികെ കൊണ്ടുവരുന്നത് വരെ വിശ്രമമില്ലായെന്നും ട്രംപ് അവരെ അഭിസംബോധന ചെയ്തു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് സ്വീകരിച്ച ചില കര്‍ക്കശ നയങ്ങളില്‍ വിവാദം ഉയര്‍ന്നെങ്കിലും പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കുന്ന ക്രൈസ്തവരെ സംരക്ഷിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവര്‍ നോക്കിക്കാണുന്നത്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
![](/images/close.png)