India - 2024

ബിഷപ്പ് അരോക്കിയ ദുരൈരാജ് ഭോപ്പാലിന്റെ പുതിയ ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 05-10-2021 - Tuesday

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഖണ്ഡവയിലെ ബിഷപ്പ് ആലങ്കരം അരോക്കിയ സെബാസ്റ്റ്യൻ ദുരൈരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിരമിക്കൽ പ്രായം എത്തിയതിനെ തുടര്‍ന്നു ആർച്ച് ബിഷപ്പ് ലിയോ കോർനെലിയോയുടെ രാജി പാപ്പ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. സൊസൈറ്റി ദി ഡിവൈൻ വേഡ് (SVD) അംഗമായ ആർച്ച് ബിഷപ്പ് കോർണേലിയോ കഴിഞ്ഞ 14 വര്‍ഷമായി ഭോപ്പാൽ അതിരൂപതയെ നയിച്ചുവരികയായിരിന്നു. ബിഷപ്പ് ദുരൈരാജും സൊസൈറ്റി ദി ഡിവൈൻ വേഡ് സഭാംഗമാണ്.

1957 മേയ് 3ന് തമിഴ്‌നാട്ടിലെ മധുര അതിരൂപതയിലെ തിരുനഗറിലാണ് ജനനം. ജന്മനാട്ടിലെയും മധുരയിലെയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1971 ൽ തിരുച്ചിറപ്പള്ളിയിലെ സൊസൈറ്റി ദി ഡിവൈൻ വേഡിന്റെ സെന്റ് ചാൾസ് സെമിനാരിയിൽ പ്രവേശിച്ചു. സെമിനാരിയിൽ ആയിരിക്കുമ്പോൾ അദ്ദേഹം പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കി, 1975-ൽ ഇൻഡോറിലെ പാൽഡ സെമിനാരിയിൽ പഠനം നടത്തി. 1985 മേയ് 8ന് മധുരയിലെ തിരുനഗറിൽവച്ച് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 2009-ല്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ ഖണ്ഡവയുടെ ബിഷപ്പായി നിയമിച്ചത്.


Related Articles »