News - 2025
ഭോപ്പാലിൽ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത മലയാളി വൈദികന് ജാമ്യം
പ്രവാചകശബ്ദം 29-01-2024 - Monday
ന്യൂഡൽഹി: മധ്യപ്രദേശിലെ ഭോപ്പാലിൽ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത മലയാളി സിഎംഐ വൈദികൻ ഫാ. അനിൽ മാത്യുവിന് ജാമ്യം ലഭിച്ചു. ഭോപ്പാലിലെ ബാലികാ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു കെട്ടിച്ചമച്ച കേസിലാണ് അദ്ദേഹം നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായിരിക്കുന്നത്. അനുമതിയില്ലാതെ ബാലികാസംരക്ഷണകേന്ദ്രം നടത്തിയെന്ന കേസിൽ ഈ മാസം ആദ്യ വാരത്തിലാണ് ഫാ. അനിൽ അറസ്റ്റിലായത്. മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തിയതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.
ഭോപാലിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് അധികൃതർ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. പിന്നാലെ, ബാലാവകാശ കമ്മിഷൻ സ്ഥാപനം റെയ്ഡ് ചെയ്തു. പരിശോധനയിൽ 26 കുട്ടികളെ കാണാനില്ലെന്ന് ആരോപിച്ചിരിന്നു. എന്നാല്‍ ഇവർ പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയതാണെന്ന് അറിയിച്ചെങ്കിലും ഇത് വിലയ്ക്കെടുക്കാന്‍ അധികൃതര്‍ തയാറായില്ല.
കാണാതായെന്ന് അധികൃതര്‍ ആരോപിക്കുന്ന 26 കുട്ടികളുടെ മാതാപിതാക്കള്‍മക്കള്‍ തങ്ങളോടൊപ്പം സുരക്ഷിതരാണെന്നു വ്യക്തമാക്കി കോടതിയില്‍ കത്ത് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഭോപ്പാൽ കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ വൈദികനെ അറസ്റ്റ് ചെയ്‌തതിൽ റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരിന്നു.