Youth Zone

വാഴ്ത്തപ്പെട്ട പദവിയ്ക്ക് ഒരു വര്‍ഷം, തിരുനാള്‍ രണ്ടാം വര്‍ഷം: കാര്‍ളോയുടെ സ്മരണയില്‍ ലോകം

പ്രവാചകശബ്ദം 12-10-2021 - Tuesday

വത്തിക്കാന്‍ സിറ്റി: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമായ കാര്‍ളോ അക്യൂട്ടിസിന്റെ തിരുനാള്‍ ദിനം ഇന്ന്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള രണ്ടാം തിരുനാളാണ് ഇന്ന്. പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12നനു പ്രഥമ തിരുനാള്‍ ദിനമായി ആചരിച്ചു.

ഇന്നു രണ്ടാം തിരുനാള്‍ ആചരിക്കപ്പെടുമ്പോള്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഭൗതീകശരീര ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന അസീസ്സി സെന്റ്‌ മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനില്‍ വിവിധ തിരുക്കർമങ്ങൾ നടക്കും. ഇന്ന്‍ റോമില്‍ രാവിലെ അർപ്പിക്കുന്ന ദിവ്യബലിക്ക് ഫ്രാൻസിസ്‌കൻ ഫ്രയേഴ്‌സ് മൈനർ പ്രൊവിൻഷ്യൽ വികാരി ഫാ. മാർക്കോ ഗബല്ലോ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 5.30നു ജപമാല നടക്കും. തുടര്‍ന്നു അർപ്പിക്കുന്ന സമാപന ദിവ്യബലിയ്ക്കു അസീസി ബിഷപ്പ് ഡൊമെനിക്കോ സോറന്റീനോയായിരിക്കും മുഖ്യകാർമികത്വം വഹിക്കും.

1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു.

കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »