News - 2024

മ്യാന്‍മറില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ സൈന്യത്തിന്റെ ഷെല്ലാക്രമണം

പ്രവാചകശബ്ദം 16-10-2021 - Saturday

യങ്കോണ്‍: ഭാരതത്തിന്റെ അയല്‍രാഷ്ട്രമായ മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സൈനികാക്രമണത്തിനിരയാവുന്നത് വീണ്ടും പതിവാകുന്നു. അടുത്ത ദിവസങ്ങളിലായി രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് ഇരയായത്. കിഴക്കന്‍ സംസ്ഥാനമായ ചിന്നിലെ പ്രാദേശിക പോരാളികളും ഭരണകൂട അനുകൂലികളും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ ഫലാം നഗരത്തിലെ ബാപ്റ്റിസ്റ്റ് ദേവാലയം പൂര്‍ണ്ണമായും തകര്‍ന്നു. ദേവാലയത്തിന് പുറമേ, സമീപമുള്ള ചില ഭവനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈനീക വ്യൂഹത്തിനെതിരെ ചിന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തിന് പകരമായി സര്‍ക്കാര്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ദേവാലയങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതെന്ന്‍ ദൃക്സാക്ഷി വെളിപ്പെടുത്തിയതായി ‘റേഡിയോ ഫ്രീ ഏഷ്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ അനുകൂലികളായ ജുണ്ടാ സൈന്യത്തിന്റെ വരവ് കണ്ട് ജീവരക്ഷാര്‍ത്ഥം വനത്തില്‍ അഭയം തേടിയ പ്രാദേശിക വാസികള്‍ക്ക് തങ്ങളുടെ ഭവനങ്ങളും ദേവാലയവും കത്തി അമരുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ചിന്‍’ മനുഷ്യാവകാശ സംഘടന ഇതിനെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയ കെട്ടിടങ്ങളെല്ലാം പുനരുദ്ധരിക്കുവാന്‍ മ്യാന്‍മര്‍ സൈന്യം തയ്യാറാണെന്നും സൈന്യം പറയുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കുവാന്‍ കഴിയില്ലെന്നാണ് മ്യാന്‍മറിലെ സമീപ കാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ബാപ്റ്റിസ്റ്റ് ദേവാലയത്തിന് പുറമേ, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കായാ സംസ്ഥാനത്തിലെ ലോയികാ രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയവും ആക്രമണത്തിനിരയായി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത ദേവാലയത്തിലെ മേല്‍ക്കൂരക്കും ഭിത്തികള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നു ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിനരികെ മറ്റ് കെട്ടിടങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ദേവാലയത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു ഇതെന്നു ഈശോ സഭാംഗമായ ഫാ. വില്‍ബെര്‍ട്ട് മിറെ ‘റേഡിയോ വെരിത്താസ്’നോട് പറഞ്ഞു. ക്രിസ്ത്യന്‍ ദേവാലയങ്ങളെ സൈന്യം മനപ്പൂര്‍വ്വം ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ സൈനിക അട്ടിമറിക്ക് ശേഷം ഷെല്ലാക്രമണത്തിനിരയാകുന്ന അഞ്ചാമത്തെ കത്തോലിക്ക ദേവാലയമാണിത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 704