News
ജപമാല മാസത്തില്‍ പാക്ക് ക്രൈസ്തവര്‍ക്കു ലഭിച്ച സമ്മാനമായി സര്‍ഗോദ മരിയന്‍ ഗ്രോട്ടോ
പ്രവാചകശബ്ദം 15-10-2021 - Friday
സര്‍ഗോദ: ജപമാല മാസത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്ന് പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പുതിയ ഗ്രോട്ടോ ആശീര്‍വദിച്ചു. രാജ്യത്തെ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫെ സാഖിയ എല്‍-കാസ്സിസാണ് മരിയന്‍ ഗ്രോട്ടോയുടെ ആശീര്‍വാദ കര്‍മ്മം നടത്തിയത്. 2020 ഓഗസ്റ്റ് മാസത്തില്‍ മുതിര്‍ന്ന വൈദികനായ ഫാ. ലിയോണാര്‍ഡ് സ്റ്റേജറാണ് ഗ്രോട്ടോയുടെ ശിലാസ്ഥാപനം കര്‍മ്മം നിര്‍വഹിച്ചത്. ഗ്രോട്ടോയുടെ നിര്‍മ്മാണ പദ്ധതിക്ക് നേതൃത്വം നല്കിയതും ഇദ്ദേഹം തന്നെയായിരിന്നു.
വിശ്വാസികളുടെ സംഭാവനകളും, അനേകരുടെ കഠിനാദ്ധ്വാനവുമാണ് പരിശുദ്ധ കന്യകാമാതാവിന്റെ ഈ ഗ്രോട്ടോ ഒരു യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ചതെന്നു പ്രാദേശിക വൈദികനായ ഫാ. ഡേവിഡ് അനുസ്മരിച്ചു. എല്ലാത്തിനുമുപരിയായി, ഗ്രോട്ടോ കന്യകാമാതാവിനോടുള്ള സമര്‍പ്പണത്തിന്റേയും, ബഹുമാനത്തിന്റേയും അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനായി നിരവധി വിശ്വാസികള്‍ ഒരുമിച്ചു ചേര്‍ന്നിരിന്നു.
രാഷ്ട്രത്തിന്റെ സമാധാനത്തിനും, സമൃദ്ധിക്കും, കത്തോലിക്കാ മിഷണറിമാരുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും വെഞ്ചരിപ്പ് കര്‍മ്മത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു. വളരെ ഭക്തിയോടെയാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ ജപമാല മാസം ആചരിക്കുന്നത്. തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല അത്ഭുതങ്ങളുടേയും മധ്യസ്ഥ സഹായി പരിശുദ്ധ കന്യകാമാതാവാണെന്ന് വിശ്വസിക്കുന്ന നിരവധി ക്രിസ്ത്യാനികളാണ് പാക്കിസ്ഥാനില്‍ ഉള്ളത്.