News - 2024
ഫ്രാന്‍സിസ് പാപ്പ - മോദി കൂടിക്കാഴ്ച ഇന്ന്: ചരിത്ര കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ മാത്രം ബാക്കി
പ്രവാചകശബ്ദം 30-10-2021 - Saturday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാഷ്ട്രത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കു ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വത്തിക്കാന്‍ സമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) മാര്‍പാപ്പയുടെ സ്വകാര്യ ലൈബ്രറിയില്‍ ഇരുവരും കൂടിക്കാണും. പ്രതിനിധിസംഘത്തെ ഒഴിവാക്കി ഇരുവരും തനിച്ചാണു കൂടിക്കാഴ്ച നടത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശനം അരമണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് സൂചന. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും താൻ കൂടിക്കാഴ്‌ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചിരിന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി 2000-ത്തിലെ ജൂൺമാസത്തിൽ വത്തിക്കാനിലെത്തി വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഇത് ആദ്യമായിട്ടാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി പാപ്പായെ സന്ദർശിക്കുന്നത്. സന്ദര്‍ശനത്തില്‍ പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. ജി20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് റോമില്‍ എത്തിയ മോദി ഇന്നലെ ന്യൂ റോമില്‍ എവൂരിലുള്ള ഗാന്ധി സ്‌ക്വയറില്‍ എത്തി ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി. മോദിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യന്‍ വംശജര്‍ എത്തിയിരുന്നു.