News - 2024

ഭ്രൂണഹത്യ വിഷയത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കും ബൈഡനും വ്യത്യസ്ത നിലപാടുകള്‍: വൈറ്റ് ഹൗസ്

പ്രവാചകശബ്ദം 29-10-2021 - Friday

വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യ വിഷയത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്കും, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യത്യസ്ത നിലപാടുകളാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ പ്സാകി. ഇന്നു വെള്ളിയാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയും, ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കേ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ഭ്രൂണഹത്യ വിഷയത്തിൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി തുറന്നു പറയുകയായിരിന്നു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ 'ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക്' റിപ്പോർട്ടറായ ഓവൻ ജെൻസന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജെൻ പ്സാകി.

ഇരുവർക്കും സമാന അഭിപ്രായങ്ങളുള്ള ദാരിദ്ര്യ നിർമ്മാർജനം, കാലാവസ്ഥ വൃതിയാനം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ആയിരിക്കും പ്രധാനമായും ചർച്ച നടക്കുകയെന്ന് ജെൻ പ്സാകി പറഞ്ഞു. ഭ്രൂണഹത്യയെ, കൊലപാതകത്തോടും, ഗർഭസ്ഥ ശിശുവിന്റെ ജീവൻ നശിപ്പിക്കാൻ കൊലയാളിയെ ഏർപ്പാട് ചെയ്യുന്നതിനോടുമാണ് ഫ്രാൻസിസ് മാർപാപ്പ നേരത്തെ ഉപമിച്ചിട്ടുള്ളത്. അതേസമയം അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തത് മുതൽ ഭ്രൂണഹത്യ അനുകൂല നിലപാടുകളാണ് ജോ ബൈഡൻ സ്വീകരിക്കുന്നത്. ഭ്രൂണഹത്യയ്ക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നതടക്കമുള്ള നിരവധി നിലപാടുകൾ അദ്ദേഹം കൈക്കൊണ്ടു. മുൻപുണ്ടായിരുന്ന ഭ്രൂണഹത്യ നിയന്ത്രണങ്ങൾ എടുത്ത് മാറ്റാൻ ശ്രമിച്ചു.

പുറം രാജ്യങ്ങളിൽ ഭ്രൂണഹത്യ നടത്തുന്നത് തടയാൻ അമേരിക്കയിൽ നിലവിലുണ്ടായിരുന്ന മെക്സിക്കോ സിറ്റി പോളിസി ജനുവരി 27നു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ റദ്ദാക്കിയത് ഇതിന്റെ പ്രകടമായ ഉദാഹരണമായിരിന്നു. ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് അറിയാൻ സാധിക്കുന്ന നിമിഷം മുതൽ ഭ്രൂണഹത്യ വിലക്കുന്ന പ്രോലൈഫ് നിയമം അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം പാസാക്കിയപ്പോൾ അതിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ബൈഡൻ ഭരണകൂടം നടത്തിയത്. ടെക്സാസിലെ നിയമ നിർമ്മാണത്തിനെതിരെ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കോടതിയിൽ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ബൈഡൻ എല്ലാ ആഴ്ചയും ദേവാലയത്തിൽ പോകുന്ന ആളാണെന്നും, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസത്തിൽ നിന്നാണ് അദ്ദേഹം ശക്തി സ്വീകരിക്കുന്നതെന്നും .കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »