Life In Christ

ജീവൻ പണയംവെച്ച് മുൻ യു‌എസ് സൈനികൻ അഫ്ഗാനിൽ നിന്ന് രക്ഷിച്ചത് ക്രൈസ്തവരുൾപ്പെടെ 30 പേരെ

പ്രവാചകശബ്ദം 30-10-2021 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി: താലിബാന്‍ തീവ്രവാദികളുടെ അധിനിവേശത്തിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് ക്രൈസ്തവർ ഉൾപ്പെടെ 30 പേരെ രക്ഷിച്ചുവെന്നു മുൻ യു‌എസ് സൈനികന്റെ വെളിപ്പെടുത്തല്‍. ഇതിനിടെ താലിബാന്‍റെ ചാട്ടവാര്‍ പ്രഹരത്തിന് ഇരയായെന്നും മുൻ യുഎസ് സൈനികൻ ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. താലിബാൻ ഭീഷണി പേടിച്ച് കുടുംബാംഗങ്ങൾ അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ ഒളിച്ചു കഴിയുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനികർ ഒന്നും അവശേഷിക്കുന്നില്ലായെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും, എന്തു സഹായം ചെയ്യാനാണെങ്കിലും താൻ അവിടെ ഉണ്ടെന്നും, താൻ എടുത്ത പ്രതിജ്ഞ ഒരിക്കലും മറക്കില്ലായെന്നും സൈനികൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

സുരക്ഷാകാരണങ്ങളാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവരങ്ങൾ ചാനൽ പുറത്തുവിട്ടിട്ടില്ല. സൈനികൻ രക്ഷിച്ചവരിൽ കത്തോലിക്കാ വിശ്വാസികളും, മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലെ അംഗങ്ങളും, ഹസാരാ വിഭാഗത്തിൽപെട്ടവരുമുണ്ട്. 10 അംഗങ്ങളുള്ള ഒരു അഫ്ഗാൻ ക്രൈസ്തവ കുടുംബത്തെ രാജ്യത്തുനിന്ന് രക്ഷിച്ചെന്ന് സൈനികൻ വെളിപ്പെടുത്തി. അടുത്തിടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച 2 ദമ്പതികളെയും അദ്ദേഹത്തിന് രക്ഷിക്കാനായി. അതിർത്തികടന്ന് പാക്കിസ്ഥാനിൽ എത്തിയ സംഘം പിന്നീട് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ താലിബാന്റെ പിടിയിൽ ഒരിക്കൽ അകപ്പെട്ടുവന്നും, അവർ ചാട്ടവാറിന് അടിച്ചുവെന്നും സൈനികൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു.

ക്രൈസ്തവകുടുംബത്തെ താൻ രാജ്യത്തുനിന്ന് രക്ഷിച്ചുവെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ സാഹചര്യം മോശമാകുമായിരുന്നു. കുടുംബാംഗങ്ങൾ ഒളിച്ചു താമസിച്ച വീട് ഒരിക്കൽ താലിബാൻ ആക്രമിച്ചെന്നും, ഇതാണ് തന്നെ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ഓർത്തെടുത്തു. പുറം വാതിലിലൂടെയാണ് കുടുംബങ്ങൾ അന്ന് രക്ഷപ്പെട്ടത്. അമേരിക്കൻ സർക്കാരിനോട് സഹായം ചോദിച്ചെങ്കിലും അവർ യാതൊന്നും ചെയ്തില്ല. പാക്കിസ്ഥാനിൽ എത്തിചേരാനും സംഘത്തിന് വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു. 30 താലിബാൻ ചെക്ക് പോസ്റ്റുകൾ കടന്നാണ് പാക്കിസ്ഥാനിൽ എത്തിയത്.

ഇപ്പോൾ കുടുംബാംഗങ്ങൾ ആയിരിക്കുന്ന രാജ്യത്തു നിന്ന് മറ്റൊരു സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ 28 ദിവസങ്ങൾ മാത്രമാണുള്ളതെന്നും, അതിനു സാധിച്ചില്ലെങ്കിൽ അഫ്ഗാനിസ്ഥാനിലേക്ക് അവരെ തിരികെ അയയ്ക്കാൻ സാധ്യതയുണ്ടെന്നും സൈനികൻ വെളിപ്പെടുത്തി. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തീവ്രവാദികൾ ആക്രമിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരു അഭയാർഥിയായി കൗമാരപ്രായത്തിൽ അദ്ദേഹം അമേരിക്കയിലെത്തിയത്. ഏതാനും വർഷങ്ങൾക്ക് ശേഷം സൈന്യത്തിൽ ജോലി ലഭിച്ച അദ്ദേഹം, അഫ്ഗാനിസ്ഥാനില്‍ ജോലിക്കു പ്രവേശിക്കുകയായിരിന്നുവെന്നും ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Related Articles »