News

ജൂബിലി തീര്‍ത്ഥാടനം: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

പ്രവാചകശബ്ദം 26-12-2024 - Thursday

വിശുദ്ധ പത്രോസിന്റെ കബറിടമുള്ള വത്തിക്കാനിലേക്ക് രണ്ടാം നൂറ്റാണ്ടിൽ തന്നെ തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ടുള്ള നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് ജൂബിലി വർഷങ്ങളുടെ അവസരങ്ങളിൽ ഈ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവന്നു. നാലാം നൂറ്റാണ്ടിൽ പണിയപ്പെട്ട ആദ്യ ബസിലിക്ക തന്നെ വളരെയേറെ തീർത്ഥാടകർക്ക് ഇടമേകാൻ തക്ക വലിപ്പമേറിയതായിരുന്നു. നിലവിലെ ബസലിക്കയാകട്ടെ ഏതാണ്ട് ഇരുപത്തിരണ്ടായിരം സ്ക്വയർ മീറ്റർ വലിപ്പമുള്ളതാണ്. തീർത്ഥാടകരും സന്ദർശകരുമായി ദിനം പ്രതി ഏതാണ്ട് അൻപതിനായിരത്തോളം ആളുകളാണ് ഇവിടെയെത്തുന്നത്.

1300-ലാണ് കത്തോലിക്ക സഭയിൽ ആദ്യമായി ജൂബിലി ഔദ്യോഗികമായി ആഘോഷിക്കപ്പെട്ടത്. 1294 മുതൽ 1303 വരെ സഭയെ നയിച്ച ബോനിഫസ് എട്ടാമൻ പാപ്പാ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതിനെകുറിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുള്ള വിശുദ്ധ വാതിലിൽ, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ ആഘോഷദിനമായ 1300 ഫെബ്രുവരി 22 എന്ന തീയതിയോടെ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് ചരിത്ര രേഖകളില്‍ കാണാനാകും.

ഓരോ നൂറു വർഷങ്ങളിലും ജൂബിലി ആഘോഷിക്കുവാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, പിന്നീട് കുറച്ചുവർഷങ്ങൾക്ക് ശേഷം ഓരോ അൻപത് വർഷങ്ങളിലും ജൂബിലി ആഘോഷം നടത്താൻ ക്ലമന്റ് ആറാമൻ പാപ്പായും (1342-1352) ക്രിസ്തുവിന്റെ ജീവിതകാലം പോലെ ഓരോ മുപ്പത്തിമൂന്ന് വർഷങ്ങളിലും ജൂബിലി ആഘോഷിക്കാൻ ഉർബൻ ആറാമൻ പാപ്പായും (1378-1389) തീരുമാനമെടുത്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, ഓരോ ഇരുപത്തിയഞ്ച് വർഷങ്ങളിലും ജൂബിലി ആഘോഷം നടത്താൻ 1470-ൽ പോൾ രണ്ടാമൻ പാപ്പായാണ് തീരുമാനമെടുത്തത്. ഇന്നുവരെ പൊതുവേ ഈ ഒരു രീതിയാണ് സഭയിൽ പാലിച്ചുപോന്നിട്ടുള്ളത്.

വിശുദ്ധ വാതിലുകളും ജൂബിലിയും ‍

ജൂബിലി വർഷത്തിൽ ഏറെ ശ്രദ്ധേയവും ആകർഷണീയവുമായ ഒരു ചടങ്ങ് റോമിലെ മേജർ ബസലിക്കകളിൽ പ്രത്യേകമായ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുന്നതാണ്. ഇത്തരം വിശുദ്ധ വാതിൽ തുറക്കുക എന്ന ചടങ്ങ് ജൂബിലിവർഷവുമായി ബന്ധിക്കപ്പെട്ടത് നിക്കോളാസ് അഞ്ചാമൻ പാപ്പായുടെ (1447-1445) കാലത്താണെന്ന് കരുതപ്പെടുന്നു. ഇടുങ്ങിയ വാതിലിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുകയെന്ന ഒരു സുവിശേഷചിന്തയാണ് വിശുദ്ധവാതിൽ എന്ന യാഥാർത്ഥ്യത്തിന് പിന്നിൽ നമുക്ക് കാണാനാകുക.

“സ്‌പേസ് നോൺ കൊൺഫൂന്തിത്” എന്ന പ്രമാണരേഖയുടെ ആറാം ഖണ്ഡിക പ്രകാരം, റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക (ഡിസംബർ 24), റോമാമെത്രാന്റെ കത്തീഡ്രൽ കൂടിയായ വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്ക (ഡിസംബർ 29), വിശുദ്ധ മേരി മേജർ ബസലിക്ക (ജനുവരി 1), റോമൻ മതിലിന് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസലിക്ക (ജനുവരി 5) എന്നീ നാല് മേജർ ബസലിക്കകളിലും റോമിൽത്തന്നെയുള്ള റെബിബ്ബിയ എന്ന പേരിലുള്ള ഒരു ജയിലിലുമാണ് (ഡിസംബർ 26), ഇത്തവണത്തെ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.

ഇവയിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വാതിൽ ഡിസംബർ ഇരുപത്തിനാലിന് വൈകുന്നേരം തുറന്നതോടെയാണ് ജൂബിലി വർഷം ആരംഭിച്ചത്. ജൂബിലിയുമായി ബന്ധപ്പെട്ട് റോമിലെത്തുന്ന അനേകായിരങ്ങൾക്ക് വിശുദ്ധവാതിലിലൂടെ കടക്കുവാനുള്ള സാധ്യത ഉറപ്പാക്കാൻ വേണ്ടിയാണ് നാല് ബസിലിക്കകളിൽ വിശുദ്ധവാതിൽ തുറക്കുവാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷ പ്രാപിക്കും. അവൻ അകത്തുവരികയും പുറത്തുപോവുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒൻപതാം വാക്യത്തെ കേന്ദ്രീകരിച്ചുള്ള ചിന്തയാണ് വിശുദ്ധ വാതിൽ കടന്നെത്തുന്ന വിശ്വാസിയുടെ ഹൃദയത്തിൽ തെളിയേണ്ടത്.

ജൂബിലി വർഷത്തിന്റെ ആപ്തവാക്യവും ലോഗോയും ‍

"പ്രത്യാശയുടെ തീർത്ഥാടകർ" എന്ന, അർത്ഥവത്തായ ഒരു ആപ്തവാക്യമാണ് ഫ്രാൻസിസ് പാപ്പ 2025-ലെ ജൂബിലിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്രൈസ്തവർ എന്ന നിലയിൽ, ഈ ഭൂമിയിലെ വിശ്വാസ തീർത്ഥാടകരായ നമ്മിൽ പ്രത്യാശയും, ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവർ എന്ന നിലയിൽ ഐക്യ സഹോദര്യചിന്തകളും, ഉണർത്തുന്ന ഒരു ആപ്തവാക്യമാണിത്. ക്രൈസ്തവരുടെ അനുദിനജീവിതം പ്രത്യാശ നിറഞ്ഞ, ശുഭാപ്തിവിശ്വാസത്തിന്റേതായ ഒരു യാത്രയാകേണ്ടതാണെന്ന് നാം മറന്നുപോകരുത്.

പ്രത്യാശയുടെ തീർത്ഥാടകരുടെ വിശ്വാസയാത്ര പ്രത്യാശയുടെ അടയാളമായ കുരിശിലേക്കും, അതിൽ സ്വജീവനേകി നമുക്ക് നിത്യജീവിതത്തിന്റെ വാതിൽ തുറന്നിട്ട ക്രിസ്തുവിലേക്കുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണ് 2025-ലെ ജൂബിലിയുടെ ഔദ്യോഗികചിഹ്നമായി പാപ്പാ സ്വീകരിച്ചിട്ടുള്ളത്. ലോകത്തിന്റെ ദുരിതങ്ങളും ദുഃഖങ്ങളും ചോദ്യങ്ങളും വെല്ലുവിളികളും ആടിയുലയ്ക്കുന്ന മനുഷ്യജീവിതത്തിന് മുന്നിൽ, കരുത്തുറ്റ അഭയമാണ് ദൈവമെന്ന ചിന്ത പകരുന്ന ഒരു ചിത്രമാണിത്. ക്രിസ്തുവിന്റെ കുരിശിലേക്കായുന്ന നാല് വർണ്ണങ്ങളിലുള്ള നാല് മനുഷ്യർ ലോകത്തിന്റെ നാല് ദിക്കുകളിൽനിന്നുമുള്ള മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്.

അവരിൽ കുരിശിനോടടുത്ത് നിൽക്കുന്ന മനുഷ്യൻ കുരിശിനെ നെഞ്ചോട് ചേർത്ത് ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ബാക്കിയുള്ള സഹയാത്രികരാകട്ടെ ഒന്നിന് പിറകെ ഒന്നായി ചേർത്ത് പിടിച്ച് ക്രിസ്തുവിലേക്കുള്ള തങ്ങളുടെ ജീവിതയാത്രയിൽ പ്രത്യാശയോടെ മുന്നേറുന്നു. കുരിശിന്റെ താഴ്ഭാഗത്ത് ഒരു നങ്കൂരം നമുക്ക് കാണാം. കാറ്റും കോളും നിറഞ്ഞ ലോകസാഗരത്തിൽ ഭക്തന്റെ, വിശ്വാസിയുടെ തോണിയെ ലക്ഷ്യത്തിൽനിന്ന് അകലാൻ വിട്ടുകൊടുക്കാതെ പിടിച്ചുനിറുത്തുന്നത് ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമാണ്. അവനെ മുറുകെപ്പിടിച്ചാൽ ഒരു കാറ്റിനും കോളിനും നമ്മുടെ ജീവിതതോണിയെ തകർക്കാനാകില്ലെന്ന തിരിച്ചറിവ് നൽകുന്ന ആനന്ദവും ആശ്വാസവും ചെറുതല്ല.

വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നതുപോലെ, ശിഷ്യർക്കൊപ്പം യാത്ര ചെയ്യവേ, കടലിനെ ശാന്തമാക്കുകയും, അവർക്ക് ധൈര്യം പകരുകയും ചെയ്ത യേശു (മർക്കോസ് 4, 35-41) നമ്മുടെ ലക്ഷ്യം മാത്രമല്ല, നമ്മുടെ സഹയാത്രികൻ കൂടിയാണെന്ന ചിന്ത നമ്മിൽ പ്രത്യാശ നിറയ്ക്കുന്നുണ്ട്. ക്രൈസ്തവവിശ്വാസയാത്ര ഒരു ഏകാകിയുടെ യാത്രയല്ലെന്ന്, വഴിയിൽ സഹോദരങ്ങളെ തിരിച്ചറിഞ്ഞ്, അവരെയും ചേർത്തുപിടിച്ച് നടത്തേണ്ട, ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും പരസ്പരം ധൈര്യവും കരുത്തും പകരുന്നതിന്റേതുമായ ഒരു യാത്രയാണെന്ന് ജൂബിലിയുടെ ഔദ്യോഗികചിഹ്നം പ്രത്യാശയുടെ തീർത്ഥാടകരെ ഓർമ്മിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കാണുന്ന ഉയർന്നുവരുന്ന തിരമാലകൾ, ഈ ലോകമെന്നത് മറ്റെല്ലാവർക്കുമെന്നതുപോലെ ക്രൈസ്തവർക്കും, പ്രതിബന്ധങ്ങളുടെയും വെല്ലുവിളികളുടെയും ഇടമാണെന്ന കാര്യം ഓർമ്മിപ്പിക്കുന്നുണ്ട്.

അനുരഞ്ജനവും ദണ്ഡവിമോചനവും ദൈവകരുണയും ‍

2025-ല ജൂബിലി വർഷവും, മറ്റേതൊരു ജൂബിലി വർഷവും പോലെ, അനുരഞ്ജനത്തിന്റെയും, ദൈവകരുണയാൽ നിറയപ്പെടുന്നതിന്റെയും ഒരു വർഷമായിരിക്കണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നുണ്ട്. മാനുഷികമായ ചിന്തയ്ക്കും നീതിബോധത്തിനുമപ്പുറം വലുതാണ് ദൈവകരുണയെന്ന ബോധ്യം പകരുന്ന ഒരു ചിന്തയാണ് ദണ്ഡവിമോചനവുമായി ബന്ധപ്പെട്ടുള്ളത്. നമുക്ക് മുന്നിലുള്ളത് സ്വീകാര്യതയുടെ സമയമെണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ചിന്താപരിധികൾക്കപ്പുറം നീളുന്ന ദൈവകരുണയ്ക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കാൻ സാധിക്കണം.

ജൂബിലിയുടെ വിശുദ്ധ വാതിൽ കടക്കുന്നതിന്റെ പിന്നിൽ തീർത്ഥാടക മനസുകളിൽ ദൈവകരുണയെന്ന ഈയൊരു അനുഗ്രഹീത ലക്‌ഷ്യം കൂടിയുണ്ടെന്ന് നമുക്കോർക്കാം. അനുതപിച്ചുള്ള കുമ്പസാരം ഉൾപ്പെടെ, സഭ നൽകുന്ന പ്രത്യേക നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയാണ് പാപമോചനവും, ഒപ്പം ജൂബിലി വർഷത്തിന്റെ പ്രത്യേകതയായ പാപത്തിന്റെ ശിക്ഷയിൽനിന്ന് ഒഴിവുനൽകുന്ന ദണ്ഡവിമോചനവും നേടാൻ നമുക്ക് സാധിക്കുക. ജീവിതത്തിൽ ദൈവത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും, അവനെ നമ്മുടെ ജീവിതകേന്ദ്രമായി പ്രതിഷ്ഠിക്കാനും, അവനിലേക്ക് നടന്നടുക്കാനുമുള്ള സമയമാണിത്.

ജൂബിലി വർഷം ആഘോഷിക്കുകയെന്നാൽ, തീർത്ഥാടനങ്ങൾ നടത്തുന്നതും, ഭക്തികൃത്യങ്ങളിൽ ഏർപ്പെടുന്നതും, നന്മ ചെയ്യുന്നതും മാത്രമല്ലെന്നും, ദൈവകരുണ ആഘോഷിക്കാനും, ഹൃദയം നിറയെ അത് സ്വീകരിക്കാനൊരുങ്ങുന്നതിനുമുള്ള അവസരം കൂടിയാണതെന്നും നമുക്ക് മറക്കാതിരിക്കാം.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »