India - 2025

മാര്‍ ജേക്കബ് മനത്തോടത്ത് പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലി നിറവിലേക്ക്

04-11-2021 - Thursday

പാലക്കാട്: പാലക്കാട് രൂപതയുടെ ഇടയന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലി നിറവിലേക്ക്. 1972 നവംബര്‍ നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇതോടൊപ്പം മെത്രാഭിഷേകത്തിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് ഈ മാസം 28നു കടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പാലക്കാട് രൂപതയുടെ ഇടയനായുള്ള രജത ജൂബിലിയും ഈ വര്‍ഷംതന്നെയാണ്.പാവപ്പെട്ടവരോടും അശരണരോടും ഏറെ കരുണ കാണിക്കുന്ന മാര്‍ മനത്തോടത്ത് മിഷന്‍ സന്ദര്‍ശനവുമായി ഇപ്പോള്‍ പഞ്ചാബിലാണുള്ളത്. ഇന്നു മല്ലന്‍വാല ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ ബിഷപ്പ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ആലപ്പുഴ ജില്ലയിലെ കോടംതുരുത്തില്‍ കുര്യന്‍ കത്രീന ദമ്പതികളുടെ മൂത്തമകനായി 1947 ഫെബ്രുവരി 22 നാണ് ജനനം. എസ്എസ്എല്‍സിക്കു ശേഷം എറണാകുളം സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ പഠനം. തുടര്‍ന്ന് പൂന പേപ്പല്‍ സെമിനാരിയില്‍ ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ്, തിയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി. 1972 നവംബര്‍ നാലിനു വൈദികനായി. 1979 ല്‍ ഉന്നത പഠനത്തിനായി റോമിലേക്ക്. റോം ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം.

കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ പ്രൈവറ്റ് സെക്രട്ടറി, അതിരൂപത സെക്രട്ടറി, കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1992 സെപ്റ്റംബര്‍ ആറിന് എറണാകുളം അതിരൂപത സഹായമെത്രാനായി. 1996 നവംബര്‍ 11 ന് പാലക്കാട് ബിഷപ്പായി നിയമനം. 1997 ഫെബ്രുവരി ഒന്നിനു ചാര്‍ജെടുത്തു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍, സിബിസിഐ കമ്മീഷന്‍ ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍, സിനഡല്‍ കമ്മീഷന്‍ ഫോര്‍ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി മംഗലപ്പുഴ ചെയര്‍മാന്‍, സിനഡല്‍ കമ്മീഷന്‍ ഫോര്‍ കാറ്റിക്കിസം വൈസ് ചെയര്‍മാന്‍, 2018 ല്‍ അങ്കമാലി എറണാകുളം അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ സ്ഥാനങ്ങളിലും ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.


Related Articles »