India - 2025
ദുരിതബാധിതര്‍ ജാതിമതരാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ അവഗണിക്കപ്പെടരുത്: മാര്‍ ജേക്കബ് മനത്തോടത്ത്
സ്വന്തം ലേഖകന്‍ 26-08-2018 - Sunday
ചേര്‍ത്തല: ദുരന്തബാധിതരില്‍ അര്‍ഹതയുള്ള ആരും ജാതിമതരാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ അവഗണിക്കപ്പെടരുതെന്നു എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്. അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാനും ഭാവി നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി വിളിച്ചു കൂട്ടിയ ചേര്‍ത്തല, വൈക്കം, പള്ളിപ്പുറം ഫൊറോനകളിലെ ഇടവക വികാരിമാര്‍, സമര്‍പ്പിതര്‍, സംഘടനാഭാരവാഹികള്‍ എന്നിവരുടെ യോഗം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരിതത്തിലായവര്‍ക്ക് അടിയന്തര ദുരിതാശ്വാസം എത്തിച്ചതുപോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ അവരെ ജീവിതവഴികളിലേക്ക് തിരികെ എത്തിക്കുകയെന്നതും ഏറെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിരൂപത ചാന്‍സലര്‍ ഫാ. ജോസ് പൊള്ളയില്‍ ആമുഖ സന്ദേശം നല്‍കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപത തലത്തില്‍ നേതൃത്വം നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ അസി. ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുതനത്തില്‍ കര്‍മപദ്ധതികള്‍ വിശദീകരിച്ചു. മുട്ടം ഫൊറോന വികാരി ഫാ. പോള്‍ വി. മാടന്‍, പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഒഴലക്കാട്ട്, നൈപുണ്യ കൊളജ് ഡയറക്ടര്‍ ഫാ. പോള്‍ കൈത്തോട്ടുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.