India - 2025

മാര്‍ മനത്തോടത്തിനെ പ്രതിചേര്‍ത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി പാലക്കാട് രൂപത

സ്വന്തം ലേഖകന്‍ 22-03-2019 - Friday

പാലക്കാട്: പാലക്കാട് രൂപതാധ്യക്ഷനും എണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ ജേക്കബ് മനത്തോടത്തിനെ വ്യാജരേഖ കേസില്‍ പ്രതിചേര്‍ത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി പാലക്കാട് രൂപത വിജിലന്‍സ് കമ്മിറ്റി. മാര്‍ ജേക്കബ് മനത്തോടത്ത് തനിക്കു ലഭിച്ച വിവാദരേഖ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഏല്പിക്കുകയും പ്രസ്തുത രേഖയെക്കുറിച്ച് അന്വേഷണം നടത്താന്‍ സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിക്കുകയും ചെയ്തു എന്നതാണു യാഥാര്‍ഥ്യം. ഇതിന്റെ വെളിച്ചത്തിലാണു വ്യാജരേഖ ചമച്ചവരെ കണ്ടെത്തുന്നതിനായി പോലീസില്‍ പരാതി നല്കാന്‍ സിനഡ് മീഡിയ കമ്മീഷനെ ചുമതലപ്പെടുത്തിയത്.

മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ എഴുതി നല്കിയതായി പുറത്തുവന്ന പരാതിയിലും ഈ കാര്യം അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മാര്‍ മനത്തോടത്തിന്റെ പേര് എഫ്‌ഐആറില്‍ രണ്ടാംപ്രതിയായി ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നു യോഗം വിലയിരുത്തി. മാര്‍ മനത്തോടത്തിന്റെ പേര് അടിസ്ഥാനരഹിതമായി വലിച്ചഴച്ച് അപമാനിതനാക്കാനുള്ള ശ്രമത്തെ യോഗം ശക്തമായി അപലപിച്ചു. വ്യാജരേഖ ഉണ്ടാക്കിയ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മു ന്നില്‍ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

പാലക്കാട് രൂപത വിജിലന്‍സ് കമ്മിറ്റി പ്രസിഡന്റ് മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരക്കല്‍, അഡ്വ. മിനി ഫ്രാന്‍സിസ്, ഫാ. ജിജോ ചാലയ്ക്കല്‍, ഫാ. മാത്യു വാഴയില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഫാ. ഏബ്രഹാം പാലത്തിങ്കല്‍ വിഷയം അവതരിപ്പിച്ചു.


Related Articles »