News - 2024

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെയുള്ള വധശ്രമം: പ്രാര്‍ത്ഥന നേര്‍ന്ന് പാപ്പയുടെ ടെലഗ്രാം സന്ദേശം

പ്രവാചകശബ്ദം 11-11-2021 - Thursday

വത്തിക്കാന്‍ സിറ്റി: ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തോടും കുടുംബത്തോടും പരിക്കേറ്റവരോടും തന്റെ പ്രാർത്ഥനാനിർഭരമായ സാമീപ്യം അറിയിക്കുന്നുവെന്ന് അറിയിച്ച് പാപ്പയുടെ ടെലഗ്രാം സന്ദേശം. വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വഴിയാണ് ഫ്രാൻസിസ് പാപ്പ ടെലഗ്രാം സന്ദേശമയച്ചത്. ഹീനമായ ഭീകരപ്രവർത്തനത്തെ അപലപിച്ച പാപ്പ അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹത്തോടെ ഇറാഖിലെ ജനങ്ങൾ സംവാദത്തിലൂടെയും, സാഹോദര്യ ഐക്യത്തിലൂടെയും സമാധാനത്തിന്റെ പാത പിന്തുടരുന്നതിന് പാപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നവംബർ ഏഴാം തിയതി, ഞായറാഴ്ച മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചു ഇറാഖ് പ്രധാനമന്ത്രിയുടെ ബാഗ്ദാദിലെ വസതിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രധാനമന്ത്രി പരിക്ക് കൂടാതെ രക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിക്കുന്ന നിരവധി ലോക നേതാക്കള്‍ക്കൊപ്പം തന്നെയാണ് പരിശുദ്ധ പിതാവിന്റെ സന്ദേശവും. ഈ വർഷം മാർച്ച് 5 മുതൽ 8 വരെ മധ്യ കിഴക്കൻ രാജ്യമായ ഇറാഖ് സന്ദർശിച്ച പരിശുദ്ധ പിതാവ് ബാഗ്ദാദ്, മൊസൂൾ, ക്വാരഘോഷ്, എർബിൽ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരിന്നു.. .അന്നു ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പരിശുദ്ധ പിതാവിനെ സ്വീകരിക്കാനും യാത്രയാക്കാനും പ്രധാനമന്ത്രി നേരിട്ടെത്തിയിരിന്നു. പിന്നീടും ഇരുവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി.


Related Articles »