News

യൂറോപ്പില്‍ 980 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍: വന്‍ വര്‍ദ്ധനവെന്നു റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 19-11-2021 - Friday

ലണ്ടന്‍: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നുവെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. സുരക്ഷാധിഷ്ടിത അന്തര്‍ സര്‍ക്കാര്‍ സംഘടനയായ ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്‌ കൊ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ്’ (ഒ.എസ്.സി.ഇ) നവംബര്‍ 16-ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേര്‍ക്കുള്ള തീബോംബാക്രമണങ്ങള്‍, ആശീര്‍വദിക്കപ്പെട്ട തിരുവോസ്തി നിന്ദിയ്ക്കുക/മോഷ്ടിക്കുക , വൈദികര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍, ദേവാലയങ്ങളിലും അനുബന്ധ കെട്ടിടങ്ങളിലും ഭ്രൂണഹത്യ അനുകൂലികള്‍ നടത്തുന്ന കത്തോലിക്കാ വിരുദ്ധ ചുവരെഴുത്തുകള്‍ തുടങ്ങിയ 980 ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങളാണ് ഒ.എസ്.സി.ഇ യുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

തൊട്ടു മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടുമായി (2019-ല്‍ 595 സംഭവങ്ങള്‍) താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം 385 സംഭവങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള സ്വത്തുവകകള്‍ക്കെതിരെയുള്ള ആക്രമണത്തിലും കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വ്യക്തികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളില്‍ കുറവുണ്ടെന്നത് മാത്രമാണ് പ്രതീക്ഷ നല്‍കുന്ന ഏകവസ്തുത. 2019-ല്‍ ക്രൈസ്തവ വിശ്വാസികളായ 80 പേര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ 2020-ല്‍ 56 പേര്‍ മാത്രമാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നത് പോളണ്ടിലാണ് (241 സംഭവങ്ങള്‍). പോളണ്ടിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഏതാണ്ട് നൂറിലധികം പ്രാവശ്യമാണ് ചുവരെഴുത്തുകളാല്‍ വികൃതമാക്കപ്പെട്ടത്. പ്രോലൈഫ് നിയമങ്ങളില്‍ അസ്വസ്ഥതരായവരാണ് ഭൂരിഭാഗം ആക്രമണവും നടത്തിയത്.

രാജ്യത്തെ കത്തോലിക്ക സെമിത്തേരിക്ക് നേര്‍ക്ക് വരെ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ലെ വനിതാദിനത്തില്‍ സ്പെയിനിലെ ഒരു ആശ്രമവും 4 ദേവാലയങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ജര്‍മ്മനിയിലും, ഫ്രാന്‍സിലും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒ.എസ്.സി.ഇ യുടെ റിപ്പോര്‍ട്ടനുസരിച്ച് ജര്‍മ്മനി 172, ഫ്രാന്‍സ് 159, ഇറ്റലി 113 എന്നിങ്ങനെയാണ് മറ്റ് പ്രമുഖ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കണക്കുകള്‍. ‘ഒ.എസ്.സി.ഇ’യുടെ 57 അംഗരാഷ്ട്രങ്ങളില്‍ വെറും 11 രാഷ്ട്രങ്ങള്‍ മാത്രമാണ് വിവരങ്ങള്‍ കൈമാറിയിട്ടുള്ളതിനാല്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങളുടെ യഥാര്‍ത്ഥ എണ്ണം ഇനിയും ഒരുപാട് കൂടുമെന്നാണ് സൂചന.

മാധ്യമങ്ങളും രാഷ്ട്രീയക്കാരും ക്രൈസ്തവര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളെ ഒരു സാമൂഹ്യ പ്രശ്നമായി കണക്കാക്കുന്നതേയില്ല എന്ന വസ്തുത ‘ഒബ്സര്‍വേറ്ററി ഓഫ് ഇന്‍ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’നെ നയിക്കുന്ന മഡെലിന്‍ എന്‍സ്ല്‍ബര്‍ജര്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളിലുടെയുള്ള ക്രൈസ്തവ വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും യൂറോപ്പില്‍ ശക്തമായി കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിന് മുന്‍പും യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക