India - 2025
വെട്ടുകാട് തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാള്‍ പ്രദക്ഷിണം ഇന്ന്
പ്രവാചകശബ്ദം 20-11-2021 - Saturday
തിരുവനന്തപുരം: തീര്‍ത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം ഇന്നു നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സന്ധ്യാവന്ദന പ്രാര്‍ഥനയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ അഞ്ചിനും 6.30നും ദിവ്യബലി, രാവിലെ എട്ടിന് സീറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറന്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന സമൂഹ ദിവ്യബലിയില്‍ ആലുവ സെമിനാരി പ്രഫസര്‍ ഡോ. ഗ്രിഗറി ആര്‍ബി വചന പ്രഘോഷണം നടത്തും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിക്കും. 26ന് രാവിലെ 6.30നും എട്ടിനും 11നും ദിവ്യബലി. വൈകുന്നേരം 5.30ന് സമൂഹ ദിവ്യബലിക്കുശേഷം തിരുനാളിന് കൊടിയിറങ്ങും.