News - 2024

ക്രിസ്തുമസിന് ഗാസയിലെ 500 ക്രൈസ്തവര്‍ക്ക് വെസ്റ്റ്ബാങ്കില്‍ പ്രവേശിക്കുവാന്‍ അനുമതി

പ്രവാചകശബ്ദം 25-11-2021 - Thursday

ജെറുസലേം: ഗാസ മുനമ്പിലെ ക്രൈസ്തവ സമൂഹത്തിലെ 500 പേര്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ഇസ്രായേലിലും അധിനിവേശിത വെസ്റ്റ്‌ ബാങ്കിലും പ്രവേശിക്കുവാന്‍ അനുമതി നല്‍കുമെന്ന് ഇസ്രായേല്‍ അധികാരികള്‍. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം അനുമതി ഇല്ലായിരുന്നെങ്കിലും ഇതിനുമുന്‍പും ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കുവാനായി വെസ്റ്റ്‌ബാങ്കില്‍ പ്രവേശിക്കുവാന്‍ ഇസ്രായേല്‍ അനുവാദം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ ഇസ്രായേലും, ഹമാസും തമ്മില്‍ നടന്ന 11 ദിവസം നീണ്ട യുദ്ധത്തിന് ശേഷമാണ് ഗാസക്ക് പുറത്തേക്കുള്ള യാത്രകള്‍ക്ക് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തിയത്.

ഇസ്രായേലിലും, വെസ്റ്റ്‌ ബാങ്കിലുമുള്ള പുണ്യ സ്ഥലങ്ങളും, ബന്ധുക്കളേയും സന്ദര്‍ശിക്കുവാന്‍ ഗാസയിലെ ക്രിസ്ത്യാനികളെ അനുവദിക്കുമെന്ന് പലസ്തീന്‍ സിവില്‍ അഫയേഴ്സിന്റെ ഉത്തരവാദിത്തമുള്ള ഇസ്രായേല്‍ പ്രതിരോധ വിഭാഗമായ ‘കൊഗാട്ട്’ (സി.ഒ.ജി.എ.ടി) ആണ് അറിയിച്ചിട്ടുള്ളത്. അധിനിവേശ വെസ്റ്റ്‌ ബാങ്കിലെ ക്രിസ്ത്യാനികള്‍ക്ക് ജെറുസലേം സന്ദര്‍ശിക്കുവാനും, ഗാസയിലെ ഇരുനൂറോളം ക്രിസ്ത്യാനികള്‍ക്ക് വിദേശങ്ങളില്‍ പോകുവാനായി ഇസ്രായേലിലൂടെ ജോര്‍ദ്ദാനിലേക്ക് യാത്രനടത്തുവാനുള്ള അനുമതി നല്‍കുമെന്നും ‘കൊഗാട്ട്’ന്റെ അറിയിപ്പില്‍ പറയുന്നു.

ലോകരക്ഷകനായ ക്രിസ്തുവിന്റെ ജന്മസ്ഥലം നിലകൊള്ളുന്ന ബെത്ലഹേം വെസ്റ്റ്‌ ബാങ്കിലാണ് സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണമായും വിനോദസഞ്ചാരത്തെ ആശ്രയിച്ച് കഴിയുന്ന ഒരു പട്ടണമാണിത്. ഇരുപത് ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ വെറും ആയിരം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ഈ ചെറു സമൂഹത്തിന്റെ നാലിലൊന്ന് മാത്രമാണ് കത്തോലിക്കര്‍. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് ക്രൈസ്തവരില്‍ ഭൂരിഭാഗം പേരും.

More Archives >>

Page 1 of 716