News
അള്‍ജീരിയയിലെ ട്രാപ്പിസ്റ്റ് കൂട്ടക്കൊലയെ അതിജീവിച്ച അവസാന സന്യാസിയും വിടവാങ്ങി
പ്രവാചകശബ്ദം 24-11-2021 - Wednesday
റോം: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലെ ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ 1996-ല്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരകളില്‍ അവസാന സന്യാസിയും അന്തരിച്ചു. ഫാ. ജീന്‍-പിയറെ ഷൂമാക്കറാണ് ക്രിസ്തുരാജന്റെ തിരുനാള്‍ദിനമായ ഞായറാഴ്ച 97-മത്തെ വയസ്സില്‍ രോഗീലേപനം സ്വീകരിച്ചതിന് പിന്നാലെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1996-ല്‍ സായുധരായ ഇസ്ലാമിക തീവ്രവാദി സംഘടന അള്‍ജീരിയയിലെ തിഭിരിനിലെ നോട്രെഡെയിം ഡെ ല്‍’അറ്റ്‌ലസ് ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ അതിക്രമിച്ച് കയറി നിരപരാധികളായ സന്യാസിമാരെ തട്ടിക്കൊണ്ടു പോയി നിഷ്കരുണം കൊലചെയ്തപ്പോള്‍ ഫാ. ഷൂമാക്കറും, മറ്റൊരു ട്രാപ്പിസ്റ്റ് സന്യാസിയായ ഫാ. അമെഡീ നോട്ടോയും മാത്രമാണ് കൊല്ലപ്പെടാതെ രക്ഷപ്പെട്ടവര്‍.
7 ട്രാപ്പിസ്റ്റ് സന്യാസിമാരാണ് അന്നത്തെ കൂട്ടക്കൊലയില്‍ ദയനീയമായി കൊല്ലപ്പെട്ടത്. അള്‍ജീരിയയില്‍ സര്‍ക്കാര്‍ സൈന്യവും ഇസ്ലാമിക വിമത പോരാളികളും തമ്മില്‍ നടന്ന 10 വര്‍ഷങ്ങളോളം നീണ്ട സായുധ പോരാട്ടത്തിനിടയില്‍ 1993-1996 കാലയളവില്‍ കൊല്ലപ്പെട്ട 12 രക്തസാക്ഷികള്‍ക്കൊപ്പം 2018-ല്‍ ഈ 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു. ആശ്രമത്തിന്റെ പുറത്ത് ചുമട്ട് തൊഴിലാളികളുടെ താമസ സ്ഥലത്ത് ചില ജോലികള്‍ ചെയ്തുകൊണ്ടിരുന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിന്റെ തലേന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ വാര്‍ത്താപത്രമായ അവെനീറിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഷൂമാക്കര്‍ പറഞ്ഞിരിന്നു.
താന്‍ ചില ശബ്ദങ്ങള്‍ കേട്ടിരുന്നുവെങ്കിലും ആരെങ്കിലും മരുന്ന്‍ വാങ്ങിക്കുവാന്‍ ആശ്രമത്തില്‍ വന്നതായിരിക്കുമെന്നാണ് കരുതിയതെന്നും കുറച്ച് കഴിഞ്ഞ് ഫാ. അമെഡീയാണ് തന്റെ വാതിലില്‍ മുട്ടി മറ്റുള്ളവര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചതെന്നും അദ്ദേഹം അന്നു വെളിപ്പെടുത്തി. മറ്റുള്ളവര്‍ക്കൊപ്പം കൊല്ലപ്പെടാതെ ദൈവം തങ്ങളെ മാത്രം രക്ഷപ്പെടുത്തിയതെന്തിനെന്ന്‍ ആലോചിച്ച് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും, മറ്റുള്ളവരുടെ മരണത്തോടൊപ്പം സ്നേഹത്തിന്റെ സാക്ഷ്യം നല്‍കുവാനാണ് ദൈവം തങ്ങളെ രക്ഷിച്ചതെന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു ആശ്രമാധിപന്റെ കത്താണ് തനിക്ക് ആശ്വാസം പകര്‍ന്നതെന്നും അദ്ദേഹം അവ്വെനീറിനോട് മുന്‍പ് വെളിപ്പെടുത്തി.
ഇത് തനിക്ക് അറിയില്ലെന്നും, ഏതാണ്ട് 50 വര്‍ഷത്തിലധികം നീണ്ട ആശ്രമജീവിതത്തിലൂടെ താന്‍ അതിനായി ശ്രമിച്ചിട്ടുണ്ടെന്നും ഫാ. ഷൂമാക്കര്‍ പറഞ്ഞു. അക്രമം അതിജീവിച്ച ഫാ. അമെഡീ 2008 ൽ മരണമടഞ്ഞിരുന്നു.1924-ല്‍ ജനിച്ച ഫാ. ഷൂമാക്കര്‍ 1953-ല്‍ തിരുപ്പട്ടം സ്വീകരിച്ച ശേഷം തന്റെ സ്വദേശമായ ഫ്രാന്‍സിലെ ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ ചേരുകയായിരുന്നു. 1964-ലാണ് അദ്ദേഹം അള്‍ജീരിയയിലെ തിഭിരിനിലെ ആശ്രമത്തില്‍ എത്തുന്നത്. 2019-ല്‍ മൊറോക്കോയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാന്‍സിസ് പാപ്പ ഫാ. ജീന്‍-പിയറെയുടെ കരം ചുംബിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക