Life In Christ - 2024

അഭയാര്‍ത്ഥികള്‍ക്കായി അതിഥി മന്ദിരം സ്ഥാപിച്ച് യുകെയിലെ കത്തോലിക്ക സന്യാസിനികള്‍

പ്രവാചകശബ്ദം 03-12-2021 - Friday

ലണ്ടന്‍: ‘ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ജോസഫ് ഓഫ് പീസ്‌’ സഭാംഗങ്ങളായ കത്തോലിക്ക സന്യാസിനികള്‍ സ്ഥാപിച്ച അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യുകെയിലെ അതിഥി മന്ദിരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയും, പള്ളിമേടയും പുനരുദ്ധരിച്ചാണ് “സെന്റ്‌ ജോസഫ്സ് ഹൗസ് ഓഫ് ഹോസ്പിറ്റാലിറ്റി” എന്ന അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അതിഥി മന്ദിരം ഒരുക്കിയിരിക്കുന്നത്. നോട്ടിംഹാമില്‍ സ്ഥാപിച്ചിരിക്കുന്ന ഈ അതിഥി മന്ദിരത്തില്‍ മൂന്നു സന്യാസിനികള്‍ താമസിക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് വേണ്ട താല്‍ക്കാലിക താമസവും, മറ്റ് അവശ്യ വസ്തുക്കളും ഒരുക്കി കൊടുക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന ‘നോട്ടിംഹാം ചാരിറ്റി ഹോസ്റ്റ്’ ശുപാര്‍ശ ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ചുരുങ്ങിയ കാലത്തേക്കും, ദീര്‍ഘ കാലത്തേക്കും ഇവിടെ താമസിക്കുവാന്‍ കഴിയുക. 'ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ജോസഫ് ഓഫ് പീസ്‌' സഭയുടെ നോവിഷ്യെറ്റ് കൂടിയാണ് ഈ മന്ദിരം.

‘കാത്തലിക് വര്‍ക്കര്‍ നെറ്റ്വര്‍ക്ക് ഹൗസസ് ഓഫ് ഹോസ്പിറ്റാലിറ്റി’യുടെ സ്ഥാപകയായ ‘ഡോരോത്തി ഡെ’യുടെ വാര്‍ഷിക ദിനമായ നവംബര്‍ 29നായിരുന്നു സെന്റ്‌ ജോസഫ്സ് ഹൗസ് ഓഫ് ഹോസ്പിറ്റാലിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം. ഉദ്ഘാടനത്തിന്റെ ഭാഗമായി മുറികളുടെ വെഞ്ചരിപ്പും, പ്രദിക്ഷിണവും, കൃതജ്ഞതാ പ്രകാശന പ്രാര്‍ത്ഥനയും നടന്നു. ഇംഗ്ലീഷ് ചാനല്‍ കുറുകെ കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ 27 പേര്‍ മുങ്ങിമരിച്ച കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഇത്തരമൊരു മന്ദിരത്തിന്റെ ആവശ്യം എന്നത്തേക്കാളുമധികം ഇപ്പോഴാണുള്ളതെന്നു മന്ദിരം യാഥാര്‍ത്ഥ്യമാക്കുവാന്‍ ശ്രമിച്ചവരില്‍ ഒരാളായ സിസ്റ്റര്‍ കത്രീന അള്‍ട്ടണ്‍ സി.എസ്.ജെ.പി പറഞ്ഞു.

കുടിയേറുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ബ്രിട്ടന്റെ വിദേശ നയവും, കാലാവസ്ഥാപരമായ പ്രതിസന്ധിയും കാരണം കുടിയേറ്റത്തിന് നിര്‍ബന്ധിതരായവരോടാണ് തങ്ങള്‍ ഇപ്പോള്‍ ഇടപഴകുന്നത്. ക്രൈസ്തവര്‍ എന്ന നിലയില്‍ അപരിചിതരെ സ്വാഗതം ചെയ്യുക എന്ന പുണ്യപ്പെട്ട ദൗത്യവും തങ്ങള്‍ക്കുണ്ടെന്നും, ആ ദൗത്യത്തിന്റെ പ്രതിഫലനമാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഈ മന്ദിരമെന്നും സിസ്റ്റര്‍ കത്രീന കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷത്തോടെ തങ്ങളുടെ അതിഥി മന്ദിരത്തില്‍ അതിഥികളെ സ്വീകരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കന്യാസ്ത്രീകള്‍.

അമേരിക്കയിലെ ന്യൂ ജേഴ്സിയിലും ഈ സന്യാസിനികള്‍ ഇത്തരമൊരു അതിഥി മന്ദിരം തുറന്നിട്ടുണ്ട്. മദര്‍ ക്ലെയറിന്റേയും (മാരഗരറ്റ് അന്നാ കുസാക്ക്) മദര്‍ ഇവാഞ്ചലിസ്റ്റയുടേയും (ഹോണോറിയ ഗാഫ്നി) നേതൃത്വത്തില്‍ 1884-ല്‍ ഇംഗ്ലണ്ടിലെ നോട്ടിംഹാമിലാണ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ജോസഫ് ഓഫ് പീസ്‌ സഭ സ്ഥാപിതമാകുന്നത്. യു.എസ്, യു.കെ, ഹെയ്തി, എല്‍ സാല്‍വദോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »