India

രക്ഷകനിലുള്ള വിശ്വാസം ഏറ്റുപറയുന്ന കുടുംബങ്ങള്‍ ശോഭയുള്ളതായിരിക്കും: മാര്‍ ജോസ് പുളിക്കല്‍

പ്രവാചകശബ്ദം 06-12-2021 - Monday

കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്റെ പിതൃസ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടക്കുന്ന രൂപതാ കുടുംബനവീകരണ ധ്യാനത്തിന് നല്‍കിയ ആമുഖസന്ദേശത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. വിശ്വാസം ജീവിക്കുന്നതും സത്ഫലം പുറപ്പെടുവിക്കുന്നതും അടുത്ത തലമുറ ഏറ്റവും അടുത്തുനിന്ന് മനസിലാക്കുന്നത് കുടുംബങ്ങളിലാണ്. രക്ഷകനെ കണ്ടെത്തുകയും പ്രതിസന്ധികളിലുള്‍പ്പെടെ ആ വിശ്വാസം അചഞ്ചലമായി ഏറ്റുപറയുകയും ചെയ്യുന്ന കുടുംബങ്ങളില്‍ നിന്നും കരുത്താര്‍ജ്ജിക്കുന്ന വിശ്വാസജീവിതം ശോഭയുള്ളതായിരിക്കുമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

അതിനാല്‍ കുടുംബങ്ങളെ ദൈവസ്‌നേഹത്തിന്റെ വേദിയാക്കുന്നതിന് കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമെല്ലാം കടമയുണ്ട്. കൂട്ടുത്തരവാദിത്വത്തിന്റെയും കൂട്ടായ്മയുടെയും പ്രകാശനമായ കുടുംബങ്ങള്‍ക്ക് സുവിശേഷത്തിന്റെ മാതൃക തെളിമയോടെ അനേകര്‍ക്ക് കാട്ടിക്കൊടുക്കാനാകുമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

മാര്‍ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച ധ്യാനം ഡിസംബര്‍ എട്ടു വരെ വൈകുന്നേരം ആറു മുതല്‍ എട്ടു വരെ കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടത്തപ്പെടും. റവ.ഡോ. ജോസഫ് കടുപ്പില്‍ ധ്യാനം നയിക്കും. സോഷ്യല്‍ മീഡിയ അപ്പോസ്തലേറ്റ്, ദര്‍ശകന്‍, നസ്രാണി യുവശക്തി, അക്കരയമ്മ എന്നീ യൂട്യൂബ് ചാനലുകളിലും എച്ച്‌സിഎന്‍, ഇടുക്കിവിഷന്‍, ന്യൂവിഷന്‍, എസിവി ഇടുക്കി, ഇടുക്കി നെറ്റ് എന്നീ ചാനലുകളിലും ധ്യാനം തത്സമയം ലഭ്യമാണ്.


Related Articles »