Faith And Reason

ഗ്വാഡലുപ്പയില്‍ തീര്‍ത്ഥാടക പ്രവാഹം: തിരുനാളില്‍ ഇത്തവണ പങ്കെടുത്തത് 9 ലക്ഷം തീര്‍ത്ഥാടകരെന്ന് സര്‍ക്കാര്‍

പ്രവാചകശബ്ദം 14-12-2021 - Tuesday

മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മെക്സിക്കോ സിറ്റിയിലെ ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ ദൈവമാതാവിന്റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയത് ലക്ഷങ്ങള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 12-നായിരുന്നു ഗ്വാഡലുപ്പ തിരുനാള്‍. ഡിസംബര്‍ 1 ബുധനാഴ്ച മുതല്‍ തിരുനാള്‍ ദിനമായ ഡിസംബര്‍ 12 രാവിലെ 9 വരെ ഏതാണ്ട് 9,29,000-ല്‍ അധികം തീര്‍ത്ഥാടകരേയാണ് ബസിലിക്ക വരവേറ്റതെന്നു മെക്സിക്കോ സിറ്റി ഗവണ്‍മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. കൊറോണ പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ റദ്ദാക്കിയതാണ് ഇക്കൊല്ലത്തെ തിരുനാളിലെ വന്‍ ജനപങ്കാളിത്തത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നത്.

പോലീസുകാര്‍, രക്ഷാ പ്രവര്‍ത്തകര്‍, അഗ്നിശമന സേന വിഭാഗങ്ങള്‍, അടിയന്തിര ആരോഗ്യ പരിപാലകര്‍ ഉള്‍പ്പെടെ ഏതാണ്ട് 9,000 പൊതു ജീവനക്കാരെ ഇക്കൊല്ലത്തെ തിരുനാളിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തിരുനാള്‍ ദിവസമായ ഡിസംബര്‍ 12-ലെ പരമ്പരാഗത ‘മാസ് ഓഫ് ദി റോസസ്’ കുര്‍ബാനക്ക് മെക്സിക്കോ സിറ്റി മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ കാര്‍ലോസ് അഗ്വിയാര്‍ റീറ്റസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പരിശുദ്ധ മറിയം സഭയുടെ മാതാവും, നമ്മുടെ അമ്മയും ആണെന്നും സഭയുടെ മാതാവ് എന്ന നിലയില്‍ നമ്മോടുള്ള സ്നേഹ പ്രകടനം തുടരുവാന്‍ അവള്‍ ആഗ്രഹിക്കുന്നുവെന്നും മക്കളായ നമ്മളെ കാണുവാനും നമ്മളോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുമാണ് ദൈവമാതാവ് മെക്സിക്കോയില്‍ വന്നതെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.

കൊറോണ പശ്ചാത്തലത്തില്‍ ഫേസ്മാസ്ക് പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു തിരുനാള്‍ സംഘടിപ്പിച്ചതെങ്കിലും തീര്‍ത്ഥാടകര്‍ക്ക് ബസിലിക്കയില്‍ പ്രവേശിക്കുവാനുള്ള അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ പതിവിന് വിപരീതമായി ദേവാലയത്തിന് ചുറ്റും രാത്രി തങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. മെക്സിക്കന്‍ ഭാഷയിലുള്ള ഗ്വാഡലുപ്പ മാതാവിന്റെ ‘മാനാനിറ്റാസ്’ എന്ന പ്രശസ്തമായ ഗാനം ഇക്കൊല്ലം വിശ്വാസികള്‍ ഒരുമിച്ച് പാടുന്നതിന് പകരം മുന്‍പ് റെക്കോര്‍ഡ് ചെയ്തു വെച്ചിരുന്നത് സമൂഹമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായത്. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ.

തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു. ‘മെക്‌സിക്കോയുടെ റാണി’, ‘ലാറ്റിനമേരിക്കയുടെ രാജ്ഞി’, ‘ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക’ എന്നീ വിശേഷണങ്ങളിലൂടെയും ഗ്വാഡലൂപ്പ മാതാവ് അറിയപ്പെടുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 62