Faith And Reason

ക്രിസ്തു വിശ്വാസത്തെ പ്രതി പീഡനമേൽക്കുന്ന സ്ത്രീകളെ സ്മരിച്ച് ഇത്തവണത്തെ റെഡ് വെനസ്ഡേ ദിനാചരണം

പ്രവാചകശബ്ദം 25-11-2021 - Thursday

കാലിഫോര്‍ണിയ: ക്രൈസ്തവ വിശ്വാസത്തെ പ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം ഏൽക്കുന്ന വനിതകളെ സ്മരിച്ച് ഈ വർഷത്തെ റെഡ് വെനസ്ഡേ ദിനാചരണം ഇന്നലെ ( ബുധനാഴ്ച നവംബർ ഇരുപത്തിനാലാം തീയതി) നടന്നു. പീഡിത ക്രൈസ്തവരെ പ്രത്യേകം സ്മരിച്ചു ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ആണ് റെഡ് വെനസ്ഡേ ദിനാചരണം എല്ലാവർഷവും സംഘടിപ്പിക്കുന്നത്. ഇത്തവണ ക്രിസ്തു വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്ന സ്ത്രീകളെയാണ് പ്രത്യേകം അനുസ്മരിച്ചത്. ക്രൈസ്തവ വനിതകൾ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങളുടെ റിപ്പോർട്ട് അടങ്ങിയ 'ഹിയർ ഹെർ ക്രൈസ്' എന്ന പേരിലുള്ള പുസ്തകവും സംഘടന ഇന്നലെ പ്രസിദ്ധീകരിച്ചു.

ആളുകളുടെ സ്വഭാവത്തെ സ്വാധീനിക്കാൻ തക്കവിധം മതം സ്വാധീനം ചെലുത്തുന്ന നിരവധി സ്ഥലങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടെന്നും, വിവിധ രാജ്യങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും, പെൺകുട്ടികളും ലക്ഷ്യം വെക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്നും സംഘടനയുടെ പ്രസ് ഓഫീസർ പദവി വഹിക്കുന്ന ഫിയോൻ ഷൈനർ, ക്രക്സ് എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഷൈനർ ആവശ്യപ്പെട്ടു. :

അവബോധം സൃഷ്ടിക്കുക, നിയമങ്ങൾ പരിശോധിക്കുക, വേണ്ടവിധത്തിൽ അവ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഐക്യരാഷ്ട്ര സംഘടന ചെയ്യണമെന്നും പ്രസ് ഓഫീസർ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വനിതകൾ വേട്ടയാടപ്പെടുന്ന രാജ്യങ്ങളിലൊന്ന് പാക്കിസ്ഥാനാണ്. മിക്കപ്പോഴും തന്നെ പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ തങ്ങളുടെ പക്കൽ എത്താറുണ്ട്. തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും നിര്‍ബന്ധിത വിവാഹത്തിനും മരിയ ഷഹബാസിന്റെ അടക്കം കേസുകൾ ഷൈനർ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഹിയർ ഹെർ ക്രൈസ് എന്ന പുസ്തകത്തിൽ ഈജിപ്ത്, നൈജീരിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവ വനിതകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ പറ്റിയും എടുത്തുപറയുന്നുണ്ട്. ഈജിപ്തിൽ കോപ്റ്റിക്ക് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട വനിതകളാണ് പീഡനം അടക്കമുള്ള അക്രമങ്ങൾക്ക് ഇരയാകുന്നത്. അതേസമയം ബൊക്കോ ഹറാം തീവ്രവാദ സംഘടനയിൽ നിന്നാണ് നൈജീരിയൻ ക്രൈസ്തവ വനിതകൾക്ക് ഏറ്റവും വലിയ അതിക്രമങ്ങൾ നേരിടേണ്ടിവരുന്നത്. ക്രൈസ്തവ വനിതകളെ തട്ടിക്കൊണ്ടുപോയി തീവ്രവാദികൾ ലൈംഗിക അടിമകൾ ആക്കുന്നത് രാജ്യത്ത് നിത്യസംഭവമാണെന്നും ഇതില്‍ പറയുന്നുണ്ട്. റെഡ് വെനസ്ഡേ ആചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങള്‍ രക്തത്തിന്റെ പ്രതീകമായി ചുവപ്പ് ലൈറ്റുകള്‍ തെളിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »