News - 2024
കോവിഡ് 19: വെനിസ്വേലയില്‍ മരണപ്പെട്ടവരില്‍ 4 മെത്രാന്മാരും 41 വൈദികരും
പ്രവാചകശബ്ദം 15-12-2021 - Wednesday
കാരക്കാസ്: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ വെനിസ്വേലയില്‍ കനത്ത ആഘാതമുണ്ടാക്കിയ കോവിഡ്-19 മഹാമാരി കവര്‍ന്നെടുത്തവരില്‍ മെത്രാന്‍മാരും വൈദികരും. അജപാലക ശുശ്രൂഷയും, പ്രത്യാശയും പകരുക എന്ന തങ്ങളുടെ ദൗത്യം നിറവേറ്റുന്നതിനിടയിലാണ് വൈദികര്‍ക്ക് രോഗബാധയുണ്ടായത്. 2020 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ 13 വരെ 41 വൈദികരെയും 4 മെത്രാന്മാരെയുമാണ് വെനിസ്വേലന്‍ സഭക്ക് നഷ്ടമായിരിക്കുന്നത്. മെത്രാന്‍ സമിതി (സി.ഇ.വി) പുറത്തുവിട്ട ഡിസംബര്‍ 13 വരെയുള്ള സ്ഥിതിവിവര കണക്കുകളിലാണ് ഈ വിവരമുള്ളത്. വെനിസ്വേലയിലെ മൊത്തം 41 രൂപതകളില്‍ 38 രൂപതകളിലെയും വൈദികര്‍ക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിതിവിവര കണക്കുകളില്‍ പറയുന്നു.
നാല്‍പ്പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. മരണപ്പെട്ട വൈദികരുടെ ശരാശരി പ്രായം 61 ആണ്. മരണപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പുരോഹിതനു 36 വയസ്സുണ്ട്. മരണപ്പെട്ട 4 പിതാക്കന്‍മാരില്‍ 3 പേരും മെത്രാന്‍ സ്ഥാനത്ത് നിന്നു വിരമിച്ചവരാണ്. ട്രൂജില്ലോ രൂപതയുടെ അധ്യക്ഷനായ മോണ്‍. കാസ്റ്റര്‍ ഒസ്വാള്‍ഡോ അസ്വാജെയുടെ (69) മരണം ഈ വര്‍ഷം ജനുവരി 8-നായിരുന്നു. ബിഷപ്പ് സീസര്‍ ഒര്‍ട്ടേഗ (82) ഏപ്രില്‍ 9-നും, ബാര്‍ക്വിസിമെറ്റോ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നിട്ടുള്ള ബിഷപ്പ് ടൂലിയോ ചിരിവെല്ല (88) 2021 ഏപ്രില്‍ 11-നും, കാരക്കാസ് മെത്രാപ്പോലീത്തയായി സേവനം ചെയ്തിട്ടുള്ള കര്‍ദ്ദിനാള്‍ ജോര്‍ഗെ ഉറോസ സാവിനോ (79) 2021 സെപ്റ്റംബര്‍ 23-നുമാണ് അന്തരിച്ചത്.
നിലവില്‍ വെനിസ്വേലന്‍ സഭയില്‍ 2068 വൈദികരും, 345 സ്ഥിര ഡീക്കന്‍മാരും, 60 മെത്രാന്മാരും (41 ഓര്‍ഡിനറി മെത്രാന്മാരും, 3 സഹായ മെത്രാന്മാരും, 16 മുന്‍ മെത്രാന്മാരും) ആണ് ഉള്ളത്. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ആഗോള പ്രതിസന്ധിക്കിടയില്‍ ജനങ്ങള്‍ ആത്മീയവും, വിശ്വാസപരവുമായ അടുപ്പവും ആഗ്രഹിക്കുന്ന ഈ സമയത്ത്, വൈദികര്‍ തങ്ങളുടെ സേവനവും സാന്ത്വനവും നല്‍കുന്നതിനാല്‍ പുരോഹിതരും അപകട സാധ്യതയില്‍ നിന്നും ഒട്ടും മുക്തരല്ലെന്നു വെനിസ്വേലന്‍ മെത്രാന്‍ സമിതി പ്രസ്താവിച്ചു. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും കത്തോലിക്കരാണ്.