India - 2024
സ്ഥാനാരോഹണത്തിലൂടെ സീറോ മലബാർ സഭയ്ക്ക് യുവത്വത്തിൻ്റെ മുഖമാണ് കൈവന്നിരിക്കുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ്
പ്രവാചകശബ്ദം 01-11-2024 - Friday
ചങ്ങനാശേരി: മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിലൂടെ സീറോ മലബാർ സഭയ്ക്ക് യുവത്വത്തിൻ്റെ മുഖമാണ് കൈവന്നിരിക്കുന്നതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമൂഹത്തെ പ്രചോദിപ്പിക്കാൻ കഴിവുള്ള പിതാവാണ് മാർ തോമസ് തറയിൽ. ആരെ യും വേദനിപ്പിക്കാതെ സത്യസന്ധമായും ആധികാരികമായും കാര്യങ്ങൾ പറയുക യും പ്രതികരിക്കുകയും മുൻവിധിയില്ലാതെ ശ്രവിക്കുകയും ചെയ്യുന്ന മാർ തോമസ് തറയിലിന് അതിരൂപതയെ കാലോചിതമായി നയിക്കാൻ പ്രാഗത്ഭ്യമുണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ആർച്ച്ബിഷപ് മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണച്ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഭയുടെ സ്വത്വബോധം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിൽ ഉചിതവും യുക്തവുമായ ഇടപെടലുകളാണ് ചങ്ങനാശേരി അതിരൂപത എക്കാലവും സ്വീകരിക്കുന്നതെന്നും സീറോമലബാർ സഭ ഇക്കാര്യത്തിൽ ചങ്ങനാശേരി അതിരൂപതയോട് എക്കാലവും കടപ്പെട്ടിരിക്കുന്നെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. സഭാത്മകത ആരാധനാക്രമത്തിൽ അധിഷ്‌ഠിതമാണെന്ന് എക്കാലവും ഉദ്ബോധിപ്പിക്കാൻ അതിരുപതയ്ക്കും വിരമിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനും സാധിച്ചിരുന്നു.