News
'ക്രിസ്തുമസ്' പദം റദ്ദാക്കാൻ യൂറോപ്യൻ യൂണിയൻ നടത്തിയ ശ്രമത്തെ വിമർശിച്ച് പ്രമുഖ കർദ്ദിനാൾ
പ്രവാചകശബ്ദം 15-12-2021 - Wednesday
ലക്സംബർഗ്: 'ക്രിസ്തുമസ്' എന്ന പദം റദ്ദാക്കാൻ യൂറോപ്യൻ യൂണിയൻ നടത്തിയ ശ്രമത്തെ ലക്സംബർഗ് സ്വദേശിയും, യൂറോപ്യൻ യൂണിയന്‍ മെത്രാൻ സമിതികളുടെ സംയുക്ത കമ്മീഷൻ അധ്യക്ഷനുമായ കർദ്ദിനാൾ ജിയാൻ ക്ലൗഡ് ഹോളെറിച്ച് വിമർശിച്ചു. 'ക്രിസ്തുമസ്' എന്ന പദം സംഭാഷണങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് സമത്വത്തിനു വേണ്ടിയുള്ള യൂറോപ്യൻ കമ്മീഷണർ ഹെലേന ഡളളി ഏതാനും ദിവസങ്ങൾക്കു മുമ്പ് ഔദ്യോഗിക പദവിയിൽ ഇരിക്കുന്നവർക്ക് നിർദ്ദേശം നൽകുകയും ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടർന്ന് നിർദ്ദേശം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് വത്തിക്കാൻ പ്രസ്സ് ഓഫീസിൽ വച്ച് മാധ്യമങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു കർദ്ദിനാൾ ഹോളെറിച്ച്.
'മെറി ക്രിസ്തുമസ്' എന്ന് പറയുന്നതിന് പകരം 'ഹാപ്പി ഹോളിഡേയ്സ്' എന്ന് പറയണമെന്നാണ് ഹെലേന ഡളളി ആവശ്യപ്പെട്ടിരുന്നത്. യൂറോപ്യൻ യൂണിയൻ നിർദ്ദേശം മറ്റുള്ളവരെ ഉപദ്രവിക്കാൻ വേണ്ടിയായിരുന്നു എന്ന വിശ്വസിക്കുന്നില്ലെങ്കിലും, ക്രൈസ്തവർ അത് എങ്ങനെ കണക്കിലെടുക്കും എന്ന കാര്യം സംഘടന പരിഗണിച്ചില്ലെന്ന് കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ഗ്രീസ്, സൈപ്രസ് സന്ദർശനത്തിന് ശേഷം തിരികെ വത്തിക്കാനിലേക്ക് മടങ്ങുന്ന വേളയിൽ വിമാനത്തിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയും യൂറോപ്യൻ യൂണിയൻ നടപടിയെ വിമർശിച്ചിരുന്നു.
കാലത്തിന് യോജിക്കാത്ത പ്രവർത്തി എന്നാണ് പാപ്പ യൂറോപ്യൻ യൂണിയൻ നിർദ്ദേശത്തെ വിശേഷിപ്പിച്ചത്. ക്രിസ്തുമസ് ആഘോഷത്തിന്റെ കാരണം ക്രിസ്തുവിന്റെ ജനനം ആണെന്നിരിക്കെ, മറ്റു പദങ്ങൾ ഉപയോഗിച്ച് ക്രിസ്തുമസിനെ വിശേഷിപ്പിക്കാൻ ശ്രമിക്കുന്നത് ക്രൈസ്തവരോട് കാണിക്കുന്ന അവഗണന ആണെന്നും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കർദ്ദിനാൾ ജിയാൻ ക്ലൗഡ് ഹോളെറിച്ച് പറഞ്ഞു. സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ പീറ്റർ ടർക്ക്സണും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ചു.
മറ്റുള്ള മതങ്ങളുമായി സംവാദത്തിൽ ഏർപ്പെടുന്നത് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് ആയിരിക്കരുതെന്ന് കർദ്ദിനാൾ പീറ്റർ ടർക്ക്സൺ വിഷയത്തെപ്പറ്റി പ്രതികരിച്ചു. കത്തോലിക്ക സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്യാൻ സ്ലോവാക്യയിൽ നടക്കാനിരിക്കുന്ന തേർഡ് യൂറോപ്യൻ കാത്തലിക്ക് സോഷ്യൽ ഡേയ്സ് എന്ന പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ പ്രസ്സ് ഓഫീസിൽ എത്തിയതായിരുന്നു ഇരുവരും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക