India - 2025

മതപരിവര്‍ത്തന നിരോധനനിയമം കര്‍ണാടക നിയമസഭയില്‍: പ്രതിഷേധം

ദീപിക 22-12-2021 - Wednesday

ബെലഗാവി: മതപരിവര്‍ത്തന നിരോധനനിയമം കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ബില്‍ കീറിയെറിഞ്ഞു. ബില്ലിനെതിരേ ക്രൈസ്തവ സമൂഹം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ നേതാക്കള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ച് ആശങ്കയും അറിയിച്ചിരുന്നു. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീയജന്‍ ബില്‍, 2021 ഇന്നലെ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് അവതരിപ്പിച്ചത്.

മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നു പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ സഭയില്‍നിന്നു വാക്കൗട്ട് നടത്തി. ബില്ലിനെ എതിര്‍ക്കുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് ഇന്നലെ പ്രതിഷേധമൊന്നും നടത്തിയില്ല.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശിക്ഷ നല്‍കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഒരാള്‍ക്കു മറ്റൊരു മതം സ്വീകരിക്കണമെങ്കില്‍ രണ്ടു മാസം മുന്പ് ഡെപ്യൂട്ടി കമ്മീഷണര്‍ മുന്പാകെ അപേക്ഷ നല്‍കണം. മറ്റൊരു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍, ആദ്യമതത്തിന്റെ പേരില്‍ അയാള്‍ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തേ പറഞ്ഞിരുന്നു.

നിര്‍ബന്ധം, സമ്മര്‍ദം, പ്രലോഭനം എന്നിവയിലൂടെയോ വ്യാജം, വിവാഹം എന്നിവയ്ക്കായോ നടത്തുന്ന മതപരിവര്‍ത്തനം തടയുന്നതാണു കര്‍ണാടക മതസ്വാതന്ത്ര്യ അവകാശസംരക്ഷണ ബില്‍ 2021. ബില്‍ പറ!യുന്ന വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും സ്ത്രീകള്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ക്കെതിരേയാണെങ്കില്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. വന്‍തോതില്‍ മതപരിര്‍ത്തനം നടത്തിയാല്‍ 310 വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.


Related Articles »