News - 2024

നൈജീരിയന്‍ ക്രിസ്ത്യാനികളെ അമേരിക്ക ചെന്നായ്ക്കള്‍ക്ക് വിട്ടുകൊടുത്തു: വിമര്‍ശനവുമായി കാതറിന്‍ ജീന്‍ ലോപ്പസ്

പ്രവാചകശബ്ദം 23-12-2021 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്ക, നൈജീരിയന്‍ ക്രൈസ്തവരെ ചെന്നായ്ക്കള്‍ക്ക് വിട്ടുകൊടുത്തുവെന്ന് അമേരിക്കന്‍ കോളമെഴുത്തുകാരിയും, ഗ്രന്ഥകര്‍ത്താവുമായ കാതറിന്‍ ജീന്‍ ലോപ്പസ്. ലോകത്ത് ഏറ്റവുമധികം മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ അമേരിക്കന്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് പെന്‍സില്‍വാനിയയിലെ വാര്‍ത്താപത്രമായ ‘ദി ബ്രാഡ്ഫോര്‍ഡ് ഈറ’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ജീന്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

നൈജീരിയയിലെ ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ അക്രമത്തിലും മരണത്തിലും കലാശിക്കുമെന്നും, ദേവാലയങ്ങള്‍ അടച്ചു പൂട്ടിയില്ലെങ്കില്‍ കൊടിയ ആക്രമണങ്ങളെ നേരിടുവാന്‍ തയ്യാറായിക്കൊള്ളുവെന്നും ഭീഷണിപ്പെടുത്തുന്ന കത്തുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു അവര്‍ ചൂണ്ടിക്കാട്ടി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നൈജീരിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് ലഭിച്ച സന്ദേശങ്ങളാണിതെന്നും കാതറിന്‍ പറയുന്നു. ലോകത്ത് ഏറ്റവുമധികം മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ അമേരിക്കന്‍ നടപടിയെ നൈജീരിയയിലെ ക്രൈസ്തവരോട് കാണിച്ച ക്രൂരതയായിട്ടാണ് കാതറിന്‍ പറയുന്നത്. നൈജീരിയന്‍ ക്രൈസ്തവരെ അമേരിക്ക കൈവിട്ടുവെന്നും, അമേരിക്കയുടെ ഈ നടപടിയില്‍ നൈജീരിയന്‍ ക്രിസ്ത്യാനികള്‍ ദുഖിതരാണെന്നും വടക്ക് കിഴക്കന്‍ നൈജീരിയയിലെ ബിഷപ്പ് സ്റ്റീഫന്‍ ദാമി മംസ വെളിപ്പെടുത്തുന്ന വീഡിയോ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിട്ടുള്ള കാര്യവും കാതറിന്‍ ചൂണ്ടിക്കാട്ടി.

നടപടി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുമോ എന്ന ആശങ്ക മെത്രാന്‍ പങ്കുവെച്ചിരിന്നു. 2014-ല്‍ ഉണ്ടായ ആക്രമണത്തില്‍ അതിരൂപത പൂര്‍ണ്ണമായും തകര്‍ന്നു. കുടുംബാംഗങ്ങളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെടാത്ത ക്രിസ്ത്യന്‍ കുടുംബങ്ങളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു ബിഷപ്പ് പറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ആക്രമണങ്ങള്‍ക്ക് മതവുമായി ബന്ധമില്ലെന്ന വാദത്തിനെതിരെ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എറിക് പാറ്റേഴ്സന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതും കാതറിന്‍ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ക്രൈസ്തവരെ കൊന്നൊടുക്കുക മാത്രമാണ് അക്രമികളുടെ ലക്ഷ്യമെന്നാണ് പാറ്റേഴ്സന്‍ പറയുന്നത്. “നൈജീരിയന്‍ ക്രിസ്ത്യാനികളുടെ ദുരവസ്ഥയോടുള്ള അമേരിക്കയുടെ നിസ്സംഗത: യു.എസ് നയത്തെക്കുറിച്ചുള്ള ഒരു സംവാദം” എന്ന പേരില്‍ പാനല്‍ ചര്‍ച്ച റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് സമീപകാലത്ത് സംഘടിപ്പിച്ചിരുന്നു. ക്രിസ്തുമസ് കാലത്ത് വളരെക്കാലമായി സഹനമനുഭവിച്ചു കൊണ്ടിരിക്കുന്ന നൈജീരിയന്‍ ക്രൈസ്തവരെ കൂടി ഓര്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് കാതറിന്റെ ലേഖനം അവസാനിക്കുന്നത്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്നു നൈജീരിയന്‍ ക്രൈസ്തവര്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 723