News - 2022

ഒടുവില്‍ ദേവാലയ നിര്‍മ്മാണത്തിന് അനുമതി: ഇന്തോനേഷ്യന്‍ ഇടവകയുടെ 34 വര്‍ഷത്തെ കാത്തിരിപ്പിന് ഫലപ്രാപ്തി

പ്രവാചകശബ്ദം 22-12-2021 - Wednesday

ജക്കാര്‍ത്ത: നീണ്ട 34 വര്‍ഷങ്ങളുടെ കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത അതിരൂപതയ്ക്കു ഇടവക ദേവാലയം നിര്‍മ്മിക്കുവാനുള്ള അനുമതി ലഭിച്ചു. ഡിസംബര്‍ 21ന് നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ചാണ് ജക്കാര്‍ത്ത ഗവര്‍ണര്‍ അനീസ്‌ റാസിയദ് ബാസ്വെദാന്‍ തംബോര ഉപജില്ലയിലെ ക്രൈസ്റ്റ്’സ് പീസ്‌ ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതി പത്രം കൈമാറിയത്. ജക്കാര്‍ത്ത മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാര്യോ ഹാര്‍ഡ്ജോവാട്മോഡ്ജോയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മെത്രാപ്പോലീത്തക്ക് പുറമേ, ‘ഇന്റര്‍ഫെയിത്ത് കമ്മ്യൂണിക്കേഷന്‍ ഫോറം’ അംഗങ്ങളും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുമാണ് നമ്മള്‍ വരുന്നത്. പക്ഷേ ഒരു പൊതു ലക്ഷ്യത്താല്‍ നമ്മള്‍ ഒരുമിച്ചിരിക്കുകയാണ്. നീതിയും ക്ഷേമവും ആഗ്രഹിക്കുന്നതുകൊണ്ടാണ് നമ്മള്‍ ഈ രാഷ്ട്രത്തില്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മള്‍ ഇന്ന്‍ ഒരുമിച്ച് കൂടിയിരിക്കുന്നതെന്നും ഗവര്‍ണര്‍ ബാസ്വെദാന്‍ പറഞ്ഞു. .ഐക്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും, ഇടവകവിശ്വാസികളും പ്രദേശവാസികളും തമ്മില്‍ പരസ്പരം ബഹുമാനമുണ്ടാവട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ക്രിസ്തുമസിനു മുന്നോടിയായി ഇടവക ദേവാലയ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതില്‍ കര്‍ദ്ദിനാള്‍ സുഹാര്യോ ഗവര്‍ണറോട് നന്ദി അറിയിച്ചു. യേശുവിന്റെ പിറവി തിരുനാളിന് മുന്‍പായി അംഗീകാരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 34 വര്‍ഷങ്ങളായി ക്രൈസ്റ്റ്’സ് പീസ്‌ ഇടവകക്കാര്‍ ഈ അനുമതിക്കായി ശ്രമിച്ചു വരികയായിരുന്നെന്നു ഇടവക വൈദികനായ ഫാ. ഹിറോണിമസ് റോണി ദാഹുവാ പറഞ്ഞു. ഈ അനുമതിക്കായി തങ്ങള്‍ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയെന്നു പറഞ്ഞ ഫാ. ദാഹുവാ ഇത് സമ്മാനിക്കുവാന്‍ ഗവര്‍ണറെ ദൈവമാണ് അയച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

1987-ല്‍ അന്നത്തെ ജക്കാര്‍ത്ത മെത്രാപ്പോലീത്തയും ഈശോസഭാംഗവുമായ ലിയോ സുകോട്ടോയാണ് ഗാംബിര്‍ ഉപജില്ലയിലെ ഔര്‍ ലേഡി ഓഫ് സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന മിഷന്‍ കേന്ദ്രത്തെ ‘ക്രൈസ്റ്റ്’സ് പീസ്‌’ ഇടവകയാക്കി മാറ്റിയത്. എന്നാല്‍ ദേവാലയ നിര്‍മ്മാണത്തിനുള്ള അനുമതി ലഭിക്കാതിരുന്നതിനാല്‍ കാത്തലിക് സ്കൂള്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ഹാളിലായിരുന്നു ഞായറാഴ്ച കുര്‍ബാനയും മറ്റ് പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു തീവ്ര ഇസ്ലാമിക സംഘടന വിശുദ്ധ കുര്‍ബാന അര്‍പ്പണം ഉള്‍പ്പെടെയുള്ള ഹാളിലെ മതപരമായ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു 2013-ല്‍ അതിനും അനുമതി നിഷേധിച്ചിരിന്നു. കാത്തിരിപ്പിനു ഒടുവില്‍ പുതിയ ദേവാലയം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ക്രൈസ്തവര്‍.


Related Articles »