News - 2024

ക്രിസ്തുമസിനു അപ്രതീക്ഷിത സമ്മാനം: ഇറാനിൽ ക്രൈസ്തവരായ തടവുപുള്ളികള്‍ക്ക് 10 ദിവസത്തെ അവധി

പ്രവാചകശബ്ദം 28-12-2021 - Tuesday

ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ തടവുപുള്ളികൾക്ക് അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം. സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനായി ക്രിസ്ത്യന്‍ തടവുകാര്‍ക്ക് 10 ദിവസത്തെ അവധി അനുവദിച്ചുകൊണ്ട് ഇറാനിലെ ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഘോലാം ഹോസ്സൈന്‍ മൊഹ്സേനി എജെയി രാജ്യത്തുടനീളമുള്ള ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഇറാനിലെ നീതിന്യായ വകുപ്പിന്റെ മിസാന്‍ വെബ്സൈറ്റില്‍ പറയുന്നു. കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അനേകം ക്രൈസ്തവരാണ് വ്യാജ ആരോപണത്തെ തുടർന്ന് ഇറാനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ചാണ് അവധി നിര്‍ദ്ദേശം. അതേസമയം എത്രപേര്‍ക്ക് അവധി ലഭിക്കുമെന്നോ, അവധിയെന്ന് ആരംഭിക്കുമെന്നതോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും വെബ്സൈറ്റില്‍ പറയുന്നില്ല.

8 കോടി 30 ലക്ഷത്തോളം വരുന്ന ഇറാനിയന്‍ ജനസംഖ്യയുടെ വെറും 1% മാത്രമാണ് ക്രൈസ്തവർ. ഇവരില്‍ ഭൂരിഭാഗവും അര്‍മേനിയന്‍ ക്രൈസ്തവരാണ്. അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ ജനുവരി 6-നാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള ഖമേനി മുസ്ലീങ്ങളുടെ വിശേഷ ദിവസങ്ങളില്‍ തടവുകാര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നത് പതിവാണെങ്കിലും മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ഇത്തരമൊരു ഇളവ് നല്‍കുന്നത് വളരെ അപൂര്‍വ്വമാണ്.

1980-1988 കാലയളവില്‍ ഉണ്ടായ ഇറാന്‍-ഇറാഖ് യുദ്ധത്തിനിടയിലെ ഒരു ക്രിസ്തുമസ്സ് തലേന്ന് കൊല്ലപ്പെട്ട ഒരു അര്‍മേനിയന്‍ ക്രിസ്ത്യന്‍ രക്തസാക്ഷിയുടെ ടെഹ്റാനിലെ വീട് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസി സന്ദര്‍ശിച്ചതും ഈ വര്‍ഷം വാര്‍ത്തയായിരുന്നു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താപത്രമായ ‘ഇര്‍നാ ന്യൂസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടിരുന്നത്.   


Related Articles »