News - 2024

കഴിഞ്ഞ വര്‍ഷം ഭ്രൂണഹത്യയെ തുടര്‍ന്നു ജീവന്‍ നഷ്ട്ടമായത് 4.26 കോടി കുരുന്നുകള്‍ക്ക്

പ്രവാചകശബ്ദം 04-01-2022 - Tuesday

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം മരണത്തിന് കാരണമായത് ഭ്രൂണഹത്യയെന്ന മാരക തിന്മ മൂലം. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തത്സമയ റഫറന്‍സ് വെബ്സൈറ്റായ വേള്‍ഡോമീറ്ററിലെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘ലൈഫ്ന്യൂസ്.കോം’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4 കോടി 26 ലക്ഷം ഗര്‍ഭഛിദ്രം 2021-ല്‍ ലോകമെമ്പാടുമായി നടന്നിട്ടുണ്ടെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകളില്‍ നിന്ന്‍ വ്യക്തമാകുന്നത്. സര്‍ക്കാരില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍വെച്ച് നോക്കുമ്പോള്‍ 2021-ല്‍ ലോകമെമ്പാടുമായി 4,26,40,209 ജീവനാണ് അബോര്‍ഷന്‍ കാരണം നഷ്ടമായത്.

കാന്‍സര്‍, എച്ച്.ഐ.വി/എയിഡ്സ്, വാഹന അപകടങ്ങള്‍, ആത്മഹത്യ തുടങ്ങിയ മറ്റ് പ്രധാനപ്പെട്ട മരണകാരണങ്ങള്‍ മൂലമുള്ള മരണസംഖ്യ വെച്ച് നോക്കുമ്പോള്‍ ഗര്‍ഭഛിദ്രം മൂലം മരണപ്പെട്ട കുരുന്നു ജീവനുകളുടെ എണ്ണം ഒരുപാട് കൂടുതലാണെന്നാണ്‌ 'ലൈഫ്ന്യൂസ്' പറയുന്നത്. 5.87 കോടി ആളുകളാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രം മൂലമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തുണ്ടായ മൊത്തം മരണങ്ങളില്‍ 42% മരണത്തിന്റേയും കാരണം ഗര്‍ഭഛിദ്രം ആണെന്നാണ്‌ ഇത് സൂചിപ്പിക്കുന്നത്. 2020-ല്‍ 87 ലക്ഷം പേര്‍ കാന്‍സര്‍ മൂലവും, 50 ലക്ഷം പേര്‍ പുകവലി കാരണവും, 1.3 കോടി രോഗങ്ങള്‍ കാരണവും, 17 ലക്ഷം പേര്‍ എച്ച്.ഐ.വി/എയിഡ്സ് കാരണവുമാണ് മരണപ്പെട്ടിരിക്കുന്നത്.

കൊറോണ പകര്‍ച്ചവ്യാധിയുമായി താരതമ്യപ്പെടുത്തുമ്പോഴും മരണകാരണത്തില്‍ അബോര്‍ഷന്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഗര്‍ഭധാരണം മുതല്‍ ഭ്രൂണങ്ങള്‍ ജീവനുള്ള മനുഷ്യ ജീവികള്‍ തന്നെയാണെന്ന് ജീവശാസ്ത്രം പറഞ്ഞിട്ടും ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ മനുഷ്യജീവികളായിട്ട് ഇതുവരെ പരിഗണിയ്ക്കാത്തത് ദുഃഖകരമാണെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു. അബോര്‍ഷനിലൂടെ കൊല്ലപ്പെടുന്ന സമയത്തും കുരുന്നുജീവന്റെ ഹൃദയം മിടിച്ചുകൊണ്ട് തന്നെയാണിരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു. ഗര്‍ഭഛിദ്രത്തിന് വാതായനങ്ങള്‍ തുറന്ന്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം ഭാരതത്തില്‍ നടപ്പാക്കിയതിന് കഴിഞ്ഞ വര്‍ഷം അരനൂറ്റാണ്ട് തികഞ്ഞിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 725