News

ആയിരങ്ങളെ സാക്ഷിയാക്കി തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി

പ്രവാചകശബ്ദം 20-03-2022 - Sunday

തിരുവനന്തപുരം: നേരിട്ടും ഓണ്‍ലൈന്‍ മുഖാന്തിരവും സംബന്ധിച്ച ആയിരങ്ങളെ സാക്ഷിയാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലിയുടെ സാന്നിധ്യത്തില്‍ ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലെ ചടങ്ങിൽ അതിരുപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ.എം.സൂസപാക്യം മുഖ്യഅഭിഷേകനും മുഖ്യകാർമികനുമായി. റോമിൽ നിന്നുള്ള പ്രഖ്യാപനം വായിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.

തുടർന്ന് കൈവയ്പ് കർമം, സുവിശേഷ ഗ്രന്ഥം നിയുക്ത മെത്രാന്റെ ശിരസ്സിൽ വച്ച് പ്രതിഷ്ഠാപന പ്രാർത്ഥന, തൈലാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്കുശേഷം സ്ഥാനചിഹ്നങ്ങളായ അംശവടി, അംശമുടി (തൊപ്പി), മോതിരം എന്നിവ അണിയിച്ചു. തുടർന്ന് എല്ലാ മെത്രാന്മാരും പുതിയ ആർച്ച് ബിഷപ്പിനു സമാധാനചുംബനം നൽകി. സമൂഹ ദിവ്യബലിക്കൊപ്പമായിരുന്നു അഭിഷേക ചടങ്ങുകൾ. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി. ചെറുവെട്ടുകാട് ഗ്രൗണ്ടിൽ ചടങ്ങുകൾക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് ആമുഖപ്രഭാഷണം നടത്തി.

ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ബിഷപ്പുമാരായ ഡോ. സ്റ്റാൻലി റോമൻ, ഡോ. പോൾ ആന്റണി മുല്ലശേരി, മാർ ജോർജ് രാജേന്ദ്രൻ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ.ആർ.ക്രിസ്തുദാസ്, സാമുവൽ മാർ ഐറേ നിയോസ്, മാർ തോമസ് പുളിക്കൽ, ഡോ. നസയിൻ സൂസൈ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. വിൻസന്റ് സാമുവൽ, ഡോ. പീറ്റർ അബിർ സ്വാമി, ഡോ. അലക്സ് വടക്കുംതല, ഡോ. വർഗീസ് ചക്കാല യ്ക്കൽ, ഡോ. ജോസഫ് കാരിക്കാശേരി, മാർ ടോണി നീലങ്കാവിൽ, ഡോ. ജയിംസ് ആനാപറമ്പിൽ, ഡോ. വിൻസെന്റ് മാർ പൗലോസ്, മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ അഭിഷേക ചടങ്ങുകളിൽ പങ്കെടുത്തു.

ഡോ.എം.സൂസപാക്യം വിരമിച്ച സാഹചര്യത്തിലാണു നിയുക്ത ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ.നെറ്റോയെ ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 2നു നിയമിച്ചത്. പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ.തോമസ് നെറ്റോ (58) തിരുവനന്തപുരം ലത്തീൻ അതിരൂപത ശുശ്രൂഷകളുടെ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നാണ് അതിരൂപതയുടെ പുതിയ ഇടയനാകുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »