India - 2025

"ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് നാളെ തിരുവനന്തപുരത്ത്

പ്രവാചകശബ്ദം 08-11-2023 - Wednesday

തിരുവനന്തപുരം: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രി സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് നാളെ വൈകുന്നേരം നാലിനു ശ്രീ തീയറ്ററിൽ പ്രത്യേക ക്ഷണിതാക്കൾക്കു മുമ്പാകെ പ്രദർശിപ്പിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യുന്ന പ്രിവ്യൂ ഷോ കാണുന്നതിന് മന്ത്രി സജി ചെറിയാൻ ഉൾപ്പെട്ട രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

1995 ഫെബ്രുവരി 25ന് ഇൻഡോറിലെ മലയിടുക്കിൽ വധിക്കപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഒൗസേഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റർ റാണി മരിയയായി ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്. സമൂഹത്തിലെ നിർധനർക്കു വേണ്ടി സ്വരമുയർത്തുകയും സാധാരണക്കാർക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ സേവനം ഭൂവുടമകളെ ചൊടിപ്പിച്ചു.

ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഉപയോഗിച്ച് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് റാണി മരിയയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സമന്ദർസിംഗ് എത്തിയിരുന്നു.


Related Articles »