India - 2025

മോൺ. യൂജിൻ പെരേരയ്ക്കെതിരെ കേസ്: പുകമറ സൃഷ്ടിച്ചു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമെന്ന് തിരുവനന്തപുരം അതിരൂപത

പ്രവാചകശബ്ദം 12-07-2023 - Wednesday

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരേ കലാപാഹ്വാനത്തിന് അഞ്ചു തെങ്ങ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. മുതലപ്പൊഴിയിലുണ്ടായ അപകടത്തെത്തുടർന്ന് അവിടെ തടിച്ചുകൂടിയ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രതിഷേധവും വികാരപ്രകടനവും സ്വാഭാവികമാണ്. നാല് മത്സ്യ ത്തൊഴിലാളികൾ അപകടത്തിൽപ്പെടുകയും അതിൽ ഒരാളുടെ മൃതദേഹം മത്സ്യത്തൊഴിലാളികൾ തന്നെ കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരോട് തങ്ങളുടെ തീവ്രവികാരം മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിക്കുകയായിരിന്നുവെന്ന് അതിരൂപത ചൂണ്ടിക്കാട്ടി.

എല്ലാ വർഷവും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്ന മുതലപ്പൊഴി അഴിമുഖത്ത് സ്വീകരിക്കേണ്ട സത്വര നടപടികളെക്കുറിച്ചു വർഷങ്ങളായി പരാതിപ്പെടുകയും അതിനു ഫലപ്രദമായ ഒരു പരിഹാര വും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധവും റോഡ് ഉപരോധവും അവിടെ നടന്നു. ജീവനും ജീവസന്ധാരണ മാർഗങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വികാരങ്ങൾ മനസിലാക്കി പ്രശ്നപരിഹാരത്തിന് സത്വര നടപടികൾ സ്വീകരിക്കുന്നതിനു പകരം, കലാപാഹ്വാന പുകമറ സൃഷ്ടിച്ചു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു പാഴ്ശ്രമമാ യിട്ടേ ഇതിനെ കാണാനാകൂ. തീരജനതയുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മോൺ. യൂജിൻ പെരേരയുടെ പ്രവർത്തനങ്ങളെ തളർത്താനുള്ള ഇത്തരം കുത്സിത തന്ത്രങ്ങളെ ശക്തമായി അപ ലപിക്കുകയും മോൺ. യൂജിൻ പെരേരയ്ക്ക് എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നതായി അതിരൂപത വക്താവ് ഫാ. സി. ജോസഫ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.


Related Articles »