India - 2025

സമുദായശാക്തീകരണത്തിന് അല്‍മായ ദൈവജനത്തെ വിശ്വാസത്തിലെടുക്കണം: ബിഷപ്പ് ജോസഫ് മാർ തോമസ്

പ്രവാചകശബ്ദം 05-04-2022 - Tuesday

മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷത്തിന് മുന്നോടിയായി നടത്തപ്പെടുന്ന രൂപതായോഗം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ സെക്രട്ടറിയും മലങ്കര കത്തോലിക്കാസഭയുടെ ബത്തേരി രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. “സഭാശാക്തീകരണം - സാമുദായികാവബോധം” എന്ന വിഷയത്തിലധിഷ്ഠിതമായി നടക്കുന്ന നാല് ദിവസത്തെ ചർച്ചാസമ്മേളനമാണ് രൂപതായോഗം. സമുദായശാക്തീകരണത്തിന് സഭാവിശ്വാസികളുടെ അടിസ്ഥാനആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും അത് സഭയിലെ അത്മായരെ വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കണമെന്നും ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ആധുനികയുഗത്തിന്റെ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയും വിധം സാങ്കേതികമായ മുന്നേറ്റങ്ങൾ നടത്താൻ സഭയും അത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാൻ സഭാസംവിധാനങ്ങളും തയ്യാറാകണമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം ആഹ്വാനം ചെയ്തു. തുടർന്ന് ബിഷപ്പ് രൂപതയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അല്മായരും സന്യസ്ത രും വൈദികരുമടങ്ങുന്ന നൂറ്റിയമ്പതിലധികം പ്രതിനിധികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള രൂപതായോഗം മാനന്തവാടി രൂപതയുടെ ഭാവി അജപാലന പദ്ധതികളെയാണ് രൂപപ്പെടുത്തുന്നത്.

മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മാനന്തവാടി തഹസിൽദാർ അഗസ്റ്റിൻ മൂങ്ങനാനിയിൽ, റവ. സി. ജാസ്മിൻ മരിയ, റവ. ഫാ. വില്യം രാജ്, റവ. ഫാ. സ്റ്റീഫൻ ചീക്കപ്പാറ, റവ. ഫാ. വിൻസെന്റ് മട്ടമ്മേൽ, റവ. ബ്രദർ ഫ്രാങ്കോ എന്നിവർ ആശംസകൾ നേർന്നു. രൂപതായോഗത്തിന്റെ കൺവീനർ റവ. ഫാ. ബിജു മാവറ കൃതജ്ഞത പ്രകാശിപ്പിച്ചു.


Related Articles »