India - 2025

മദ്യപാനം ഒരു വ്യക്തിയുടെ സർവനന്മകളെയും നശിപ്പിക്കുന്ന മരണകാരിയായ വിഷം: മാർ ജോർജ് വലിയമറ്റം

പ്രവാചകശബ്ദം 27-04-2022 - Wednesday

ഉളിക്കൽ (കണ്ണൂർ): മദ്യപാനശീലം വെറുമൊരു ദുശ്ശീലം മാത്രമല്ല ഒരു വ്യക്തിയുടെ സർവനന്മകളെയും നശിപ്പിക്കുന്ന മരണകാരികൂടിയായ വിഷമാണെന്നും ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം. ഉളിക്കൽ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ കെസിബിസി മദ്യവിരുദ്ധസമിതി 23-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കുടുംബങ്ങളുടെ സമാധാനത്തിന് ഭംഗം വരുത്തുന്ന മഹാതിന്മയായ മദ്യപാനത്തെ സർക്കാർ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി, നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ഫാ.മാത്യു കാരിക്കൽ, ഫാ.അമൽ പഞ്ഞിക്കുന്നേൽ, ഫാ.ജെയ്സൻ കുനാനിക്കൽ, ഡോ.ജോസ്ലെറ്റ് മാത്യു, സിസ്റ്റർ ജോസ് മരിയ, ജിൻസി കുഴിമുള്ളിൽ എന്നിവർ പ്രസംഗിച്ചു. ടോമി വെട്ടിക്കാട്ട് സ്വാഗതവും മേരിക്കുട്ടി ചാക്കോ പാലക്കലോടി നന്ദിയും പറഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ കൊല്ലക്കൊമ്പിൽ അധ്യക്ഷത വഹിക്കും. സമാപനദിവസമായ നാളെ ഉച്ചകഴിഞ്ഞ് ബഹുജനറാലി നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് യുഹാനോൻ മാർ തിയഡോഷ്യസ് അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.


Related Articles »