India - 2025

മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷാചരണത്തിന് ആരംഭം

പ്രവാചകശബ്ദം 03-05-2022 - Tuesday

മാനന്തവാടി: മദ്ധ്യകേരളത്തിൽ നിന്നുള്ള സുറിയാനി ക്രൈസ്തവരായ കുടിയേറ്റ ജനതയുടെ ആത്മീയാവശ്യങ്ങൾക്കായി 1973 മെയ് 1-ന് ഔദ്യോഗികതുടക്കം കുറിച്ച, മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു. മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവാണ് രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗികതുടക്കം കുറിച്ചത്. ഉച്ചക്ക് ഒന്നരക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഷംസാദ് മരക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപത പ്രഖ്യാപിച്ച ഭവനരഹിതരില്ലാത്ത രൂപത എന്ന പദ്ധതിയുടെ തുടക്കമെന്ന നിലയിൽ രൂപതയുടെ സാമൂഹികസേവനവിഭാഗം നിർമ്മിച്ച അമ്പത് വീടുകളുടെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ഡിജിറ്റൽ കമ്മ്യൂണിറ്റി സർവ്വേയിലൂടെ ഭവനരഹിതരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് രൂപത നടത്തുന്ന പ്രവർത്തനങ്ങളെ റോഷി അഗസ്റ്റിൻ അഭിനന്ദിച്ചു. അതോടൊപ്പം തന്നെ രൂപതയുടെ തന്നെ ഭൂമി പലർക്കായി ആധാരം ചെയ്ത് കൈമാറിക്കൊണ്ട് ഭൂരഹിതരില്ലാത്ത രൂപത എന്ന സുവർണ്ണജൂബിലി പദ്ധതിക്ക് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ-യും തുടക്കം കുറിച്ചു.

അമ്പതു പേരടങ്ങുന്ന സുവർണ്ണജൂബിലി ഗായകസംഘം ജൂബിലി വർഷത്തോടനുബന്ധിച്ച് ചിട്ടപ്പെടുത്തിയ ജൂബിലി ഗാനം ആലപിച്ചു. രൂപതയുടെ പുതുക്കിയ നിയമാവലിയുടെ പ്രകാശനം ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു. തുടർന്ന് ജൂബിലി വർഷത്തിലും തുടർന്നും നടപ്പിലാക്കേണ്ട വിവിധ പദ്ധതികളും പ്രോഗ്രാമുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള കലണ്ടർ രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പ്രകാശനം ചെയ്തു. മാർ ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഫാ. തോമസ് തെക്കേൽ സി.എം.ഐ, ഫാ. തോമസ് തൈക്കുന്നുംപുറം, സി. ഫിലോ, തോമസ് ഏറനാട്ട്, കുമാരി നയന മുണ്ടക്കാത്തടത്തിൽ, ഷിൽസൺ കോക്കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കൺവീനർ ഫാ. ബിജു മാവറ നന്ദി പറഞ്ഞു.

More Archives >>

Page 1 of 457