Life In Christ

കന്യാസ്ത്രീകളും എ‌സി‌എന്നും ഒന്നിച്ചപ്പോള്‍ ഇറാഖില്‍ ഐ‌എസ് തകര്‍ത്ത കളിസ്ഥലത്ത് പുതിയ സ്കൂള്‍

പ്രവാചകശബ്ദം 05-05-2022 - Thursday

ക്വാരഘോഷ്: ഇസ്ലാമിക് സ്റ്റേറ്റ് ഏല്‍പ്പിച്ച കനത്ത മുറിവുകളെ അതിജീവിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഇറാഖി ക്രൈസ്തവരുടെ തിരിച്ചുവരവിന് കൂടുതല്‍ ബലമേകി സ്കൂളിന്റെ ഉദ്ഘാടനം. നിനവേ മേഖലയിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള 13 പട്ടണങ്ങളിലെ ഏറ്റവും വലിയ പട്ടണമായ ക്വാരഘോഷിലെ ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് കാതറിന്‍ ഓഫ് സിയന്ന സന്യാസിനി സമൂഹം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ സഹായം കൊണ്ട് നിര്‍മ്മിച്ച സ്കൂളാണ് ഇറാഖിലെ സമൂഹത്തിന് കൂടുതല്‍ പ്രതീക്ഷ പകരുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തുകളഞ്ഞ അല്‍-താഹിറ പ്രൈമറി സ്കൂളിന്റെ ഗ്രൗണ്ടില്‍ അതേ സ്കൂളിന്റെ അവശേഷിപ്പുകള്‍ കൊണ്ടാണ് പുതിയ സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടി ഈ മിക്സഡ് സ്കൂളിനുണ്ട്. മൂന്ന്‍ നിലകളിലായി കാലാനുസൃതമായ രീതിയിലാണ് പുതിയ സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നോളം സയന്‍സ് ലബോറട്ടറികളും, കമ്പ്യൂട്ടര്‍ സെന്ററും, വലിയ കോണ്‍ഫറന്‍സ് ഹാളും, ലൈബ്രറിയും ചാപ്പലും അടങ്ങുന്നതാണ് സ്കൂള്‍ കെട്ടിടം. അഞ്ചുവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ സ്കൂള്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ സഹായം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്.

പദ്ധതിയുടെ തുടക്കം മുതല്‍ എ.സി.എന്‍ ഇതിനൊപ്പമുണ്ടെന്നും, ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഓസ്ട്രിയന്‍ മെത്രാന്‍ സമിതിപോലെയുള്ള പ്രതിജ്ഞാബദ്ധരായ സംഘടനകളും, വ്യക്തികളുമായി സഹകരിച്ച് ഈ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എ.സി.എന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. തോമസ്‌ ഹെയിനെ-ഗെല്‍ഡേണ്‍ പറഞ്ഞു. സ്കൂള്‍ നിര്‍മ്മാണത്തിന് ചിലവായ 21 ലക്ഷം യു.എസ് ഡോളറിന്റെ 80 ശതമാനവും സ്വരൂപിച്ചത് ‘എ.സി.എന്‍’ ആണ്. ഇതിനായി സഹായിച്ച തങ്ങളുടെ അഭ്യുദയകാംക്ഷികള്‍ക്കും, ഇതിനായി അഹോരാത്രം പ്രയത്നിച്ച സിസ്റ്റേഴ്സിനും ഡോ. തോമസ്‌ നന്ദി അറിയിച്ചു.

2003-ന് മുന്‍പ് പത്തുലക്ഷം ഉണ്ടായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഇന്ന്‍ ഒന്നരലക്ഷമായി ചുരുങ്ങിയ സാഹചര്യത്തില്‍ ക്രൈസ്തവരുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സ്കൂള്‍ സഹായിക്കുമെന്ന്‍ കഴിഞ്ഞ മാസം ഡൊമിനിക്കന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ഹുദ പറഞ്ഞിരിന്നു. ക്രൈസ്തവര്‍ക്ക് ഈ രാജ്യത്ത് തുടരുവാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുവാനും, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തെ നയിക്കുവാനും പ്രാപ്തരായ വിദ്യാര്‍ത്ഥി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുകയാണ് സ്കൂളിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിസ്റ്റര്‍മാരുടെയും, ഈ സ്കൂളിന്റേയും സാന്നിധ്യം പ്രതീക്ഷയുടെ അടയാളവും, ക്രൈസ്തവര്‍ക്ക് മേഖലയില്‍ തുടരുവാനുള്ള ഒരു പ്രചോദനവുമാണെന്നു വിദ്യാര്‍ത്ഥികളും രക്ഷാകത്താക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 75