Life In Christ - 2024

പ്രതിസന്ധിയുടെ സമയങ്ങളില്‍ കര്‍ത്താവ് നമ്മെ കാത്തിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 25-04-2022 - Monday

വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയുടെയും തളര്‍ച്ചയുടെയും നടുവില്‍ കര്‍ത്താവ് നമ്മുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കാങ്കണത്തിന് അഭിമുഖമായുള്ള അരമനയുടെ ജാലകത്തിങ്കൽ നിന്ന് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രതിസന്ധികളെ നാം ഭയപ്പെടേണ്ടതില്ലായെന്നും പലപ്പോഴും അവ നമ്മെ വിനയാന്വിതരാക്കുകയാണെന്നും പാപ്പ പറഞ്ഞു. യേശു എല്ലായ്‌പ്പോഴും സദാ വാതിലിൽ മുട്ടുന്നു, ശക്തമായ അടയാളങ്ങളോടെയല്ല, മറിച്ച് അവൻറെ മുറിവുകളോടെയാണ് അവൻ തിരിച്ചുവരുന്നത്; അവൻറെ മുറിവുകൾ, നമ്മുടെ ബലഹീനതകളെ സ്വന്തമാക്കിയ അവൻറെ സ്നേഹത്തിൻറെ അടയാളങ്ങൾ കാണിച്ചുകൊണ്ട് അവൻ തിരിച്ചുവരുകയാണെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.

പ്രയാസകരമായ ഒരു നിമിഷത്തിലോ പ്രതിസന്ധി ഘട്ടത്തിലോ, നാം സ്വയം അടച്ചുപൂട്ടി, നമ്മുടെ പ്രശ്‌നങ്ങളുടെ തടവറയിലാകുകയും യേശുവിനെ വീടിനു പുറത്തു നിറുത്തുകയും ചെയ്ത സമയത്തെക്കുറിച്ച് നമുക്ക് ഓർത്തു നോക്കാം. അടുത്ത തവണ, വേദനയുടെ വേളയിൽ, യേശുവിനെ അന്വേഷിക്കുകയും, അവനിലേക്ക്, അവൻറെ പാപമോചനത്തിലേക്ക്, നമ്മെ വീണ്ടും സൗഖ്യമാക്കിയ അവൻറെ മുറിവുകളിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് നമുക്ക് വീണ്ടും വാഗ്ദാനം ചെയ്യാം - അവൻ എപ്പോഴും ക്ഷമിക്കുന്നു, എപ്പോഴും! അങ്ങനെ നാം അനുകമ്പയുള്ളവരും മറ്റുള്ളവരുടെ മുറിവുകളെ കാർക്കശ്യവും മുൻവിധികളുമില്ലാതെ സമീപിക്കാൻ പ്രാപ്തരുമാകുമെന്നും പാപ്പ പറഞ്ഞു. തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന പതിവ് അഭ്യർത്ഥന ആവര്‍ത്തിച്ചുക്കൊണ്ടാണ് പാപ്പ പിന്‍വാങ്ങിയത്.

More Archives >>

Page 1 of 74