Life In Christ - 2024
മരണം വരെ തന്റെ അജഗണങ്ങളുടെ ഒപ്പമുണ്ടാകും: യുക്രൈന്‍ മെത്രാന്‍ ജാന്‍ സോബില്ലോ
പ്രവാചകശബ്ദം 30-04-2022 - Saturday
കീവ്: എന്തൊക്കെ സംഭവിച്ചാലും തന്റെ അജഗണങ്ങളുടെ കൂടെ മരണം വരെ ഉണ്ടാകുമെന്ന ഉറപ്പുമായി കനത്ത റോക്കറ്റാക്രമണത്തിനു ഇരയായിക്കൊണ്ടിരിക്കുന്ന തെക്ക്-കിഴക്കന്‍ യുക്രൈന്‍ നഗരമായ സാപ്പോറോഷെയിലെ സഹായ മെത്രാന്‍ ജാന്‍ സോബില്ലോ. വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെത്രാന്‍ ഇക്കാര്യം പറഞ്ഞത്. “കത്തോലിക്കരുടെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നത്. പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ അര്‍ത്ഥത്തേക്കുറിച്ച് ചിന്തിക്കുവാന്‍ യുദ്ധം ആളുകളെ പ്രേരിപ്പിച്ചു. കുമ്പസാരിക്കുവാനും, കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കുവാനും അവര്‍ തീരുമാനിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ദൈവസാന്നിധ്യം മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ട് എന്റെ ആവശ്യം ഇവിടെയുണ്ടെന്ന് എനിക്കറിയാം. അവര്‍ക്ക് വേണ്ടി ഞാനുണ്ടാവും”- ബിഷപ്പ് സോബില്ലോ പറഞ്ഞു.
താനൊരു ഹീറോ ആണെന്ന് സ്വയം കരുതുന്നില്ലെന്ന്‍ പറഞ്ഞ മെത്രാന്‍, തന്റെ സ്ഥാനത്ത് ഏതൊരു വൈദികനായാലും ഈ അവസരത്തില്‍ ജനങ്ങളുടെ ആത്മീയത ഉയര്‍ത്തുവാന്‍ അവിടെ തുടരുകയാണ് ചെയ്യുകയെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യക്കാര്‍ യുക്രൈന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയാണ്. റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ലെന്ന് പറഞ്ഞ മെത്രാന്‍, റോക്കറ്റാക്രമണത്തേത്തുടര്‍ന്ന്‍ആളുകള്‍ സാപ്പോറോഷെയില്‍ നിന്നും പലായനം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും, ആളുകളോട് പ്രത്യേകിച്ച്, സ്ത്രീകളോടും കുട്ടികളോടും നഗരം വിടുവാന്‍ അധികാരികള്‍ പറയുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
സാപ്പറോഷെയിലെ വ്യവസായിക, പാര്‍പ്പിട മേഖലകളില്‍ കഴിഞ്ഞ ദിവസം മൂന്ന്‍ റോക്കറ്റുകളാണ് പതിച്ചത്. ഷെല്ലാക്രമണത്തേത്തുടര്‍ന്ന്‍ നിരവധി ആളുകള്‍ ദേവാലയത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്നും, തങ്ങളുടെ പ്രതീക്ഷ ദൈവത്തില്‍ മാത്രമാണെന്നും മെത്രാന്‍ പറഞ്ഞു.സാപ്പോറോഷെയിലെ കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം. വ്യോമാക്രമണത്തെ ഭയന്ന് കുട്ടികളൊന്നും സ്കൂളില്‍ പോകുന്നില്ല ഇതൊക്കെയാണെങ്കിലും യുക്രൈന്‍ സൈന്യത്തിന്റെ മനോവീര്യം ഒട്ടും കുറഞ്ഞിട്ടില്ല. ഓരോ ഷെല്ല് പതിക്കുമ്പോഴും തങ്ങളെ പ്രതിരോധിക്കുവാനും, റഷ്യന്‍ സൈന്യത്തെ പുറത്താക്കുവാനുമുള്ള അവരുടെ തീരുമാനം ദൃഢമായിരിക്കുകയാണെന്നും .ബിഷപ്പ് പറയുന്നു.
റഷ്യന്‍ അധിനിവേശം രണ്ടുമാസങ്ങള്‍ പിന്നിടുമ്പോഴും യുക്രൈന്‍ ജനത തങ്ങളുടെ ദൈവവിശ്വാസം കൈവിട്ടിട്ടില്ല. കനത്ത റോക്കറ്റാക്രമണത്തിനിടയിലും ദേവാലയങ്ങളില്‍ പോകലും, കുട്ടികളെ മാമ്മോദീസ മുക്കലും മുടക്കം കൂടാതെ തുടരുന്നു. യുക്രൈന് ഉറച്ച പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് പാപ്പക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.