Faith And Reason

തന്റെ സേവനങ്ങളില്‍ കത്തോലിക്ക വിശ്വാസത്തിന്റെ സ്വാധീനം വലുത്: ഗ്ലോബല്‍ നേഴ്സിംഗ് അവാര്‍ഡ് ജേതാവ് അന്നാ ഡൂബ

പ്രവാചകശബ്ദം 24-05-2022 - Tuesday

നെയ്റോബി: കെനിയയില്‍ വിദ്യാഭ്യാസ രംഗത്ത് താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്ക വിശ്വാസം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നേഴ്സിംഗ് അവാര്‍ഡിനു അര്‍ഹയായ നേഴ്സ് അന്നാ ക്വാബാലെ ഡൂബ. അന്താരാഷ്ട്ര നേഴ്സസ് ദിനമായ മെയ് 12-ന് ദുബായില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് ഡൂബ അവാര്‍ഡ് സ്വീകരിച്ചത്. 2,50,000 ഡോളറാണ് അവാര്‍ഡ് തുക. താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സമാധാനത്തിനായി അവാര്‍ഡ് തുക വിനിയോഗിക്കുമെന്ന് വടക്കന്‍ കെനിയയിലെ മാര്‍സാബിത്ത് എന്ന പട്ടണത്തിലെ സര്‍ക്കാര്‍ റെഫറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡൂബ കാത്തലിക് ന്യൂസ് സര്‍വ്വീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കത്തോലിക്കര്‍ മാനവികതക്കും, സമാധാനത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും, അതും തന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെനിയയിലെ വിദൂര ഗ്രാമപ്രദേശങ്ങളിലെ നിരക്ഷരായ ആളുകളെ എഴുത്തും, വായനയും പഠിപ്പിക്കുന്നതിന് താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്നാണ് ഡൂബ വിശ്വസിക്കുന്നത്. “വിദ്യാഭ്യാസത്തിലാണ് എന്റെ ശ്രദ്ധ. എനിക്ക് ലഭിച്ച വിദ്യാഭ്യാസം കാരണമാണ് ഞാന്‍ ഇന്ന്‍ ഈ നിലയില്‍ എത്തിയത്” - ഡൂബ പറയുന്നു. കെനിയ - എത്യോപ്യ അതിര്‍ത്തി മേഖലക്ക് സമീപം പ്രകൃതിസമ്പത്തിനെ ചൊല്ലിയുള്ള വംശീയ കലാപങ്ങള്‍ ശക്തമാണ്.

2005 ജൂലൈ മാസത്തില്‍ ഉണ്ടായ ‘ടര്‍ബി കൂട്ടക്കൊല’ എന്ന പേരില്‍ അറിയപ്പെടുന്ന സംഘര്‍ഷത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 60 പേരാണ് കൊല്ലപ്പെട്ടത്. ഡൂബയുടെ കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിന്നു. ഈ സംഭവമാണ് ഡൂബയെ നേഴ്സിംഗ് പഠിക്കുവാന്‍ പ്രേരിപ്പിച്ചത്. പെണ്‍കുട്ടികളുടെ പരിച്ഛേദനം, പെണ്‍കുട്ടികള്‍ക്കിടയിലെ ശൈശവ വിവാഹം തുടങ്ങിയ തിന്മകള്‍ക്കെതിരെയും ഡൂബ പ്രവര്‍ത്തിക്കുന്നുണ്ട്. ടര്‍ബി മേഖലയിലെ എല്ലാ പെണ്‍കുട്ടികളും തന്നെ 12 വയസ്സിനു മുന്‍പ് ജനനേന്ദ്രിയ പരിച്ഛേദനത്തിന് ഇരയാകുന്നുണ്ടെന്നും താനും അതില്‍ ഉള്‍പ്പെട്ടിരിന്നുവെന്നും, ഒരു നേഴ്സ് എന്ന നിലയില്‍ ഇത് അവസാനിപ്പിക്കുവാനാണ് തന്റെ ശ്രമമെന്നും ഡൂബ പറയുന്നു.

2013-ല്‍ മിസ്‌ ടൂറിസം മാര്‍സാബിത്ത് പട്ടം ലഭിച്ചത് മുതല്‍ക്കാണ് ഡൂബ തന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ‘ടര്‍ബി പയനിയര്‍’ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിച്ച ഡൂബ, നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തന്റെ ഗ്രാമത്തില്‍ ചെയ്യുന്നുണ്ട്. കെനിയയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവകാശങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന ക്വാബാലെ ഡൂബ ഫൗണ്ടേഷന് ചുക്കാന്‍ പിടിക്കുന്നതും ഈ യുവതി തന്നെ. ഡൂബക്ക് അവാര്‍ഡ് ലഭിച്ചതറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മാര്‍സാബിത്ത് രൂപതയിലെ കത്തോലിക്ക വൈദികനായ ഫാ. ക്രിസ്റ്റ്യന്‍ പിസ്റ്റ പറഞ്ഞു. മാര്‍സാബിത്ത് രൂപതാധ്യക്ഷന്‍ പീറ്റര്‍ കിഹാര കരിയുക്കിയും ഡൂബയെ അഭിനന്ദിച്ചു. മാര്‍സാബിത്തിലെ ഐക്യത്തിന്റേയും, സമാധാനത്തിന്റേയും, അനുരഞ്ജനത്തിന്റേയും ശബ്ദമാണ് ഡൂബയുടേതെന്ന് ബിഷപ്പ് പറഞ്ഞു. ആഗോള നഴ്‌സസ് അവാർഡിനായി 24,000-ലധികം അപേക്ഷകളാണ് നേരത്തെ ലഭിച്ചിരിന്നത്.


Related Articles »