News
ദെബോറയുടെ ക്രൂര നരഹത്യ: നൈജീരിയയില്‍ ക്രൈസ്തവരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു
പ്രവാചകശബ്ദം 25-05-2022 - Wednesday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദയുടെ പേരില്‍ ഇസ്ലാമിക വര്‍ഗ്ഗീയവാദികളായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി ക്രിസ്ത്യന്‍ പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈസ്തവരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു. ഷെഹു ഷാഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായ സാമുവല്‍ ദെബോറ യാക്കുബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നൂറുകണക്കിന് ക്രൈസ്തവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കടൂണ സബോണ്‍-ടാഷയിലെ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംഗ് ഓള്‍’ദേവാലയത്തില്‍ ഒരുമിച്ചു കൂടിയത്. ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) യുടെ നേതൃത്വത്തിലാണ് പ്രതിഷേധം വ്യാപിക്കുന്നത്.
രാജ്യമെമ്പാടുമുള്ള ക്രൈസ്തവര്‍ ഒരുമിച്ചുകൂടി പ്രതിഷേധിക്കുവാനായിരുന്നു സി.എ.എന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി വിശ്വാസികള്‍ തങ്ങളുടെ ദേവാലയങ്ങളില്‍ ഒരുമിച്ച് കൂടി പ്രതിഷേധിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. സി.എ.എന്നിന്റെ കടൂണ ചാപ്റ്ററാണ് സബോണ്‍-ടാഷയിലെ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംഗ് ഓള്‍’ദേവാലയത്തിലെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. സി.എ.എന്‍ കാടുണ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ റവ. ക്രിസ് ആന്‍ഗര്‍ പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.
രാജ്യത്തെ ചൂഴ്‌ന്നു നില്‍ക്കുന്ന അനിശ്ചിതത്വത്തിനിടയിലും ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി കൂടിയാണ് തങ്ങള്‍ ഈ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നതെന്നു അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്ത് നിയമവ്യവസ്ഥയുള്ളതിനാല്‍ ദെബോറയുടെ കൊലപാതകം ഒട്ടും തന്നെ സ്വീകാര്യമല്ല. ദെബോറക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, കൊലപാതകം ഒന്നിനും പരിഹാരമല്ലെന്ന്‍ ലോകത്തെ അറിയിക്കുവാനുമായിട്ടാണ് തങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നത്. ദേശസ്നേഹികളായ നൈജീരിയക്കാര്‍ എന്ന നിലയില്‍ നിയമങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും റവ. ക്രിസ് പറഞ്ഞു.
ദെബോറയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ സൊകോട്ടോയിലെ കത്തോലിക്ക ദേവാലയത്തിന് നേര്‍ക്ക് ആക്രമണമുണ്ടായ സാഹചര്യത്തില്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു കുക്കാക്ക് ഒന്നും സംഭവിക്കരുതെന്ന ശക്തമായ മുന്നറിയിപ്പും റവ. ക്രിസ് നല്‍കി. ദേവാലയത്തിന് നേര്‍ക്കുണ്ടായ ആക്രമണം മെത്രാനെ ലക്ഷ്യംവെച്ചായിരുന്നെന്നും, മെത്രാന്റേയും, മുഴുവന്‍ നൈജീരിയക്കാരുടേയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് നൈജീരിയന്‍ സര്‍ക്കാരിന്റെ ചുമതലയാണെന്നും റവ. ക്രിസ് ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ മെത്രാനെ നിശബ്ദനാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണമായിരുന്നു ഇതെന്ന് ചൂണ്ടിക്കാട്ടിയ റവ. ക്രിസ്, ക്രൈസ്തവരെയും, രാജ്യത്തെ ജനങ്ങളേയും സംരക്ഷിക്കുവാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന്‍ നൈജീരിയന്‍ സര്‍ക്കാരിനോട് ആഹ്വാനം ചെയ്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചത്. അതേസമയം സംഭവത്തില്‍ നീതി ലഭിക്കും വരെ പ്രതിഷേധം കൂടുതല്‍ വ്യാപിപ്പിക്കുവാനാണ് ക്രൈസ്തവ സമൂഹത്തിന്റെ തീരുമാനം.