India - 2025
അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനത്തിനു ബാംഗ്ലൂരില്‍ തുടക്കം; കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകന്‍ 08-07-2016 - Friday
ബംഗളൂരു: ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍സമിതിയുടെ (സിബിസിഐ) ദൈവശാസ്ത്ര കമ്മീഷന്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനം ബംഗളൂരു എന്‍ബിസിഎല്‍സിയില്‍ ആരംഭിച്ചു. ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യവര്‍ഷത്തിന്റെ ദൈവശാസ്ത്രപരമായ തലങ്ങള്‍ ഭാരതത്തില്‍ എപ്രകാരം പ്രായോഗികമാക്കാം എന്നതിനെ ആസ്പദമാക്കിയാണ് സമ്മേളനം നടക്കുന്നത്.
സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷതവഹിച്ചു. മനുഷ്യനോടു കാരുണ്യം കാണിക്കാത്ത മതവിശ്വാസം നിരീശ്വരവാദത്തിനു സമാനമാണെന്നു ക്ലീമീസ് കത്തോലിക്ക ബാവ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കരുണയുടെ പ്രഘോഷണത്താല്‍ മാത്രമേ ദൈവശാസ്ത്രത്തിനു പൂര്‍ണ്ണത കൈവരുകയുള്ളൂവെന്ന് കര്‍ദിനാള്‍ ആലേഞ്ചേരി സദസിനെ ഓര്‍മ്മിപ്പിച്ചു. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. ദൈവശാസ്ത്ര കമ്മീഷനില്‍ അംഗമായ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ് സമ്മേളനത്തില്‍ ആശംസകളര്‍പ്പിച്ചു. പൂന ബിഷപ് ഡോ. തോമസ് ദാബ്രെ, റവ. ഡോ.ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ്, റവ. ഡോ. സൂരജ് പിട്ടാപ്പിള്ളി, റവ.ഡോ.ജോസഫ് പാംബ്ലാനി, ഡോ.സിസ്റ്റര്‍ രേഖാ ചേന്നാട്ട്, റവ.ഡോ. ജോര്‍ജ് തേറുകാട്ടില്‍, റവ.ഡോ. എറല്‍ ദലിമാ, റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍, റവ. ഡോ. പോളച്ചന്‍ കോച്ചാപ്പിള്ളി എന്നിവര്‍ സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനം ഇന്ന് അഞ്ചോടെ സമാപിക്കും.
![](/images/close.png)