Life In Christ

കൊച്ചി ഐ‌ജിയ്ക്കു പ്രചോദനമായ സിസ്റ്റർ മൃദുല: കത്തോലിക്ക സന്യാസിനിയുടെ ത്യാഗോജ്ജ്വലമായ ജീവിതം വിവരിച്ച് പി. വിജയൻ IPS

പ്രവാചകശബ്ദം 28-05-2022 - Saturday

കൊച്ചി: നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടലുകള്‍ നടത്തിയ വേളയില്‍ പ്രചോദനമായി മാറിയ കത്തോലിക്ക സന്യാസിനിയുടെ ത്യാഗോജ്ജ്വലമായ ജീവിതം വിവരിച്ചുകൊണ്ട് കൊച്ചി റേഞ്ച് ഐ.ജി - പി. വിജയന്‍ ഐ‌പി‌എസ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സിസ്റ്റർ മൃദുലയെ കുറിച്ചും അഗതികളുടെ മാലാഖമാർ എന്ന സന്യാസ സമൂഹത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നഗരത്തിലേക്ക് ഏറ്റവും അധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയില്‍ കുട്ടികളെ വീണ്ടെടുക്കുവാന്‍ സിസ്റ്ററും സന്യാസ സമൂഹവും ചെയ്ത ത്യാഗോജ്ജ്വലമായ സേവനമാണ് പോസ്റ്റില്‍ പ്രധാനമായും വിഷയമാകുന്നത്.

നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങൾ എന്ന സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചാണ് സിസ്റ്റര്‍ മൃദുല അഗതികളിലേക്ക് ഇറങ്ങി തിരിച്ചതെന്ന കാര്യം പി. വിജയൻ IPS പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. സന്യാസ സമൂഹത്തിന്റെയും പോലീസിന്റെയും സംയുക്ത ഫലമായി നടത്തിയ ഇടപെടലില്‍ ജീവിതം കരുപിടിപ്പിച്ചവരെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് അടക്കമുള്ള പദ്ധതികളിലേക്ക് നയിച്ചത് ഇവരോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഈ പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റില്‍ കത്തോലിക്ക സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ നടത്തുന്ന സ്വയം ശൂന്യവത്ക്കരിക്കലും അവര്‍ സമൂഹത്തിനുവേണ്ടി ഏറ്റെടുക്കുന്ന കഠിനാധ്വാനങ്ങളും ത്യാഗങ്ങളും ഒരുപോലെ ചിന്തിപ്പിക്കുന്നതാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. സിസ്റ്റർ മൃദുല സന്യാസ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന വേളയിലാണ് പി. വിജയൻ IPS പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്

പി. വിജയൻ IPS -ന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍

2005-ൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ആയിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി സിസ്റ്റർ മൃദുലയെ പരിചയപ്പെടുന്നത്. കൊച്ചി നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട ഞാൻ ഷാഡോ പോലീസിംഗ് രൂപീകരിച്ചും പോലീസ് ബീറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തിയുമൊക്കെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി വരുന്ന കാലഘട്ടം. ഒരു ഭാഗത്ത് പരമ്പരാഗത ശൈലിയിലുള്ള പോലീസിങ്ങിലൂടെ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ തന്നെ ഒരു ചോദ്യം എന്നെ അലട്ടിയിരുന്നു. നിലവിലുള്ള എല്ലാ കുറ്റവാളികളെയും ജയിലിനുള്ളിൽ ആക്കിയാൽ പിന്നെ നഗരത്തിൽ കുറ്റകൃത്യങ്ങൾ ഉണ്ടാകില്ലേ? ആ ചോദ്യമാണ് അക്കാലത്ത് നഗരത്തിലേക്ക് ഏറ്റവും അധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയിലേക്ക് ഞാൻ എത്തുന്നത്.

ഞാൻ അവിടം സന്ദർശിക്കുകയും, അവിടെ കളിച്ചു നടക്കുന്ന കുട്ടികളെ കാണുകയും ചെയ്തപ്പോഴാണ് തിരിച്ചറിഞ്ഞത് ഈ ദൂഷ്യവലയത്തിൽ പെട്ട് ഈ കുട്ടികളും തെറ്റായ പാതത്തിലേക്ക് എത്താൻ അധികം കാലം വേണ്ടി വരില്ല എന്ന്. അവരെ എങ്ങനെ രക്ഷിക്കാം എന്ന ചിന്ത സമാനമനസ്കരെ ഒരുമിച്ച് കൊണ്ട് വരികയും നന്മ എന്ന സംഘടന രൂപീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ കോളനിയുമായി ബന്ധപ്പെട്ട് നിരന്തരം എങ്ങനെ പ്രവർത്തിക്കും എന്ന ചിന്ത ഞങ്ങളെ എത്തിച്ചത് അവിടെ കുറെ നാളുകളായി പ്രവർത്തിക്കുന്ന അഗതികളുടെ മാലാഖമാർ എന്ന Sisters of Destitute എന്ന സംഘടനയിലേക്കാണ്.

ഹൃദയം കൊണ്ടാണ് അവർ ഞങ്ങളെ വരവേറ്റത്.

അവിടെ ഞങ്ങൾ കണ്ടത് വരെ ഊർജസ്വലയായ സിസ്റ്റർ മൃദുലയെയും. സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങൾ എന്ന സുഖസൗകര്യങ്ങൾ പിന്നിൽ ഉപേക്ഷിച്ചു അഗതികൾക്കും ദരിദ്രർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച മഹദ്ജന്മം. പിന്നീട് അവിടുത്തെ കുട്ടികളെ ഒരുമിച്ചു കൊണ്ട് വരാനും, രക്ഷിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും വിവിധ സംഘടനകളെ ഇവിടേക്ക് എത്തിക്കാനും മാത്രമല്ല, ഞങ്ങളെ നിരന്തരം കാര്യങ്ങൾ ഓർമ്മിപ്പിക്കാനും ഒക്കെ സിസ്റ്റർ എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ആ കോളനിയിൽ നിന്ന് തിരഞ്ഞെടുത്ത 60 കുട്ടികളെ ഞങ്ങൾ പല ക്ലാസ്സുകളിലൂടെ, പരിശീലനത്തിലൂടെ മാറ്റി എടുത്തു.

ആറു മാസത്തിന് ശേഷം സ്വന്തം രക്ഷിതാക്കളെ പോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ കുട്ടികൾ ഷേക്‌സ്സ്പിയറിന്റെ ഇംഗ്ലീഷ് നാടകം അരങ്ങിലെത്തിച്ചു. ഇന്ന് അവരിൽ പലരും വക്കീലന്മാരും TCS ഉൾപ്പെടെ വിവിധ കമ്പനികളിൽ എഞ്ചിനീയർമാരായി ജോലി നോക്കുന്നു. ഒരു പക്ഷേ അവിടെ നിന്ന് തുടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങളാണ് Student Police Cadet, Our Responsibiltiy to Children, Project HOPE, Child Friendly Police Station തുടങ്ങിയ പദ്ധതികളിലേക്ക് പോകാൻ എന്നെ പ്രേരിപ്പിച്ചത്. സാമൂഹികമായ ഒരു കാഴ്ചപ്പാട് നമ്മുടെ എല്ലാ പ്രവർത്തനത്തിലും ഉണ്ടാകണം എന്ന ബോധം എന്നിൽ ഉണർത്തിയത് സിസ്റ്റർ മൃദുലയെ പോലുള്ളവരുമായുള്ള അടുത്ത ബന്ധമാണ്.

അത് കൊണ്ട് തന്നെ സിസ്റ്റർ മൃദുലയുടെ സന്ന്യാസ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ഈ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ബഹുമാന്യനായ ചക്യാത്ത് പിതാവിന്റെ ക്ഷണവും കൂടിയായപ്പോൾ ഈ ദിവസത്തിന്റെ മാറ്റ് ഏറെ വർദ്ധിക്കുന്നു. സിസ്റ്റർ മൃദുലയ്ക്ക് ഇനിയും ഏറെകാലം മാനവസേവയ്ക്ക് കഴിയട്ടെ എന്നും, സിസ്റ്ററിന്റെ ത്യാഗോജ്വലമായ ജീവിതം നമുക്കെല്ലാം മാതൃകയാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.



പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 76