India - 2024

വല്ലാർപാടം ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയ്ക്കു ഊഷ്മള സ്വീകരണം നല്‍കി

29-05-2022 - Sunday

വല്ലാർപാടം: ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം കാരുണ്യമാതാവിന്റെ ബസിലിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യയിലെ അപ്പസ്തോലിക ന്യൂൺഷ്യോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലിയ്ക്കു ഊഷ്മള സ്വീകരണം നല്‍കി. റോസറി പാർക്കിലെ മംഗളകവാടത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ, അതിരൂപത വികാരി ജനറാൾമാരായ മോ ൺ മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ എബിൻ അറക്കൽ, ബസിലിക്ക സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിളളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം നൂൺഷ്യോയെ സ്വീകരിച്ചു.

തുടർന്നു ബസിലിക്കയിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി നടന്നു. നമ്മൾ പോകുന്നിടത്തെല്ലാം ദൈവസ്നേഹത്തിന്റെ കരുത്തുറ്റ സാക്ഷികളാകണമെന്ന് ഡോ. ലെയോപോൾദോ ആഹ്വാനം ചെയ്തു. മറ്റുള്ളവരോടു കരുതൽ കാണിക്കുന്നതും അവരെ ശുശ്രൂഷിക്കാനായി ഉത്സുകതയോടെ ബദ്ധപ്പെട്ടിറങ്ങുന്നതും ക്രൈസ്തവന്റെ അടയാളമാണെന്ന് പരിശുദ്ധ മാതാവിന്റെ മാതൃക ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഷെക്കെയ്ന സ്റ്റുഡിയോയില്‍ കാരിസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഭാരത കരിസ്മാറ്റിക് നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി കണ്‍വെന്‍ഷനില്‍ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ പങ്കെടുക്കും.


Related Articles »