Youth Zone

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളാകാൻ മംഗോളിയയില്‍ സേവനം ചെയ്ത മെത്രാന്‍

പ്രവാചകശബ്ദം 04-06-2022 - Saturday

ഉലാന്‍ബാട്ടാര്‍: മംഗോളിയയിൽ 20 വർഷത്തോളം സേവനം ചെയ്ത ഇറ്റാലിയൻ മിഷ്ണറി മെത്രാൻ ബിഷപ്പ് ജോർജിയോ മരെൻകോ ഓഗസ്റ്റ് 27ന് നടക്കുന്ന കൺസിസ്റ്ററിയിൽ കർദ്ദിനാൾമാരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടുന്നതോടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാൾ എന്ന ഖ്യാതിയും സ്വന്തമാകും. 47 വയസ്സാണ് അദ്ദേഹത്തിനുള്ളത്. കരോൾ വോയിറ്റീവയെ (ജോൺപോൾ രണ്ടാമൻ മാർപാപ്പ) വിശുദ്ധ പോൾ ആറാമൻ മാർപാപ്പ കർദ്ദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയ അതേ വയസ്സിൽ തന്നെയാണ് ജോർജിയോ മരെൻകോ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുവാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്.

തന്റെ തെരഞ്ഞെടുപ്പ് ആശ്ചര്യമായി തോന്നിയെന്ന് കര്‍ദ്ദിനാള്‍ പ്രഖ്യാപനം വന്നതിന്റെ പിറ്റേദിവസം വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിയുക്ത കർദ്ദിനാൾ പറഞ്ഞു. സംവാദത്തിന്റെയും, എളിമയുടെയും പാതയിൽ മുൻപോട്ടു പോകുന്നത് തുടർന്നുകൊണ്ടായിരിക്കും തന്റെ പുതിയ വിളിയിൽ ജിവിക്കാൻ സാധിക്കുകയെന്ന് ബിഷപ്പ് ജോർജിയോ മരെൻകോ പറഞ്ഞു. കൺസൊളാട്ട മിഷ്ണറി സമൂഹത്തിലെ അംഗമായ അദ്ദേഹം ഉത്തര ഇറ്റലിയിലെ പിയേഡ്മോണ്ട് സ്വദേശിയാണ്. 2020ലാണ് മംഗോളിയയിലെ ഉലാൻബാറ്റർ എന്ന അപ്പസ്തോലിക്ക് പ്രിലേച്ചറിന്റെ പ്രിഫക്റ്റായി ഫ്രാൻസിസ് മാർപാപ്പ ജോർജിയോ മരെൻകോയെ നിയമിക്കുന്നത്.

മംഗോളിയയിലെ സഭയെ പറ്റിയും, പ്രത്യേകിച്ച് അവിടുത്തെ ആളുകളെ പറ്റിയും പാപ്പ വലിയ താല്പര്യം കാണിച്ചുവെന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മരെൻകോയെ പ്രതികരിച്ചിരുന്നു. മുപ്പതു ലക്ഷം ആളുകൾ ജീവിക്കുന്ന രാജ്യത്ത് 1300 കത്തോലിക്ക വിശ്വാസികൾ മാത്രമാണുള്ളത്. മിഷ്ണറിയായി സേവനം ചെയ്തിരുന്ന സമയത്ത് 2014ൽ പ്രായമായവർക്ക് വേണ്ടി ഒരു മതബോധന പരിശീലനം അദ്ദേഹം ആരംഭിച്ചിരുന്നു. ദൈവശാസ്ത്ര പഠനവും, സഭാപഠനവും മതബോധന പരിശീലനത്തിന്റെ ഭാഗമായിരുന്നു. ആദിമ നൂറ്റാണ്ടിൽ ഉണ്ടായിരുന്ന സഭാനേതൃത്വത്തിന്, സമാനമായ ഒന്നാണ് മംഗോളിയയിൽ മെത്രാൻ പദവി വഹിക്കുകയെന്നതെന്ന് ബിഷപ്പ് മരെൻകോ പറയുന്നു.

ഇമ്മാക്കുലേറ്റ് ഹേർട്ട് ഓഫ് മേരി കോൺഗ്രിഗേഷനായിരുന്നു ആധുനിക കാലഘട്ടത്തിൽ മംഗോളിയിലേക്ക് നടന്ന ആദ്യത്തെ മിഷൻ ഏകോപിപ്പിച്ചത്. 1922-ല്‍ അവർ രാജ്യത്ത് മിഷൻ പ്രവർത്തനം ആരംഭിച്ചു. എന്നാൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അടിച്ചമർത്തലുകളെ തുടർന്ന് 1992വരെ മത സ്വാതന്ത്ര്യത്തിന് മംഗോളിയയിൽ ഒരുപാട് വിലക്കുകൾ നിലനിന്നിരുന്നു. 2016ലാണ് ഒരു സ്വദേശി വൈദികനെ രാജ്യത്തെ സഭയ്ക്ക് ആദ്യമായി ലഭിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »