News
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാൾ ജോസെഫ് ടോംകോ ദിവംഗതനായി
പ്രവാചകശബ്ദം 08-08-2022 - Monday
റോം: കർദ്ദിനാൾ കോളേജിലെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാൾ ജോസെഫ് ടോംകോ വിടവാങ്ങി. 98 വയസ്സായിരിന്നു. സ്ലൊവാക്യന്‍ വംശജനായ അദ്ദേഹം ഇന്ന്‍ തിങ്കളാഴ്ച പുലർച്ചെ റോമിൽവെച്ചാണ് നിത്യസമ്മാനത്തിനു വിളിക്കപ്പെട്ടത്. നട്ടെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് ജൂൺ 25 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഓഗസ്റ്റ് 6ന് വസതിയിലേക്ക് കൊണ്ടുവന്നിരിന്നു. ഇതിന് പിന്നാലെയാണ് വിയോഗം. കർദ്ദിനാൾ ടോംകോയുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാൻ സ്ലോവാക്യന്‍ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. സ്ലോവാക്യയിലെ സെന്റ് എലിസബത്ത് കത്തീഡ്രലിൽ അദ്ദേഹത്തിന്റെ ഭൌതീക ശരീരം സംസ്‌കരിക്കുമെന്നും വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മെത്രാന്‍ സമിതി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് സ്ലോവാക്യ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ ഭാഗത്തുള്ള ചെക്കോസ്ലോവാക്യയിലെ ഉദവ്‌സ്‌കെ എന്ന ചെറിയ ഗ്രാമത്തിലാണ് ടോംകോയുടെ ജനനം. 1943-ൽ ബ്രാറ്റിസ്ലാവയിലെ സെമിനാരി പഠനത്തിന് ശേഷം, റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലും പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലും ഉന്നതപഠനം നടത്തി. ദൈവശാസ്ത്രം, കാനോൻ നിയമം, സാമൂഹിക ശാസ്ത്രം എന്നിവയിൽ ഡോക്ടറേറ്റ് നേടി. 1949-ൽ റോമിലെ സെന്റ് ജോൺ ലാറ്ററൻ ആർച്ച് ബസിലിക്കയിൽവെച്ചു തിരുപ്പട്ടം സ്വീകരിച്ചു. വൈകാതെ ദൈവശാസ്ത്ര സെമിനാരിയായ നെപ്പോമുസെനം പൊന്തിഫിക്കൽ കോളേജ് വൈസ് റെക്ടറായും റെക്ടറായും സേവനമനുഷ്ഠിച്ചു.
1962 മുതൽ വിശ്വാസ തിരുസംഘത്തിന്റെ ഓഫീസിൽ സഹായിയായി സേവനമനുഷ്ഠിച്ചു. 1967 ലെ ആദ്യത്തെ സിനഡൽ അസംബ്ലിയുടെ പ്രത്യേക സെക്രട്ടറിമാരിൽ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1974 അവസാനത്തോടെ മെത്രാന്‍മാരുടെ സംഘത്തിന്റെ അണ്ടർ സെക്രട്ടറിയായി നിയമിതനായി. ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലാലിരിക്കെ 1979 സെപ്റ്റംബർ 15-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ബിഷപ്പായി ഉയര്‍ത്തി. കേവലം 6 വര്‍ഷങ്ങള്‍ക്കുളില്‍ അദ്ദേഹം കര്‍ദ്ദിനാളുമാരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1985 മെയ് 25നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്നെയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
രണ്ടു ദിവസത്തിനുശേഷം, 1985 മെയ് 27-ന്, ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചു. 2001-ൽ 77-ാം വയസ്സിൽ വിരമിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചിരിന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വിശ്വസ്തനായിരുന്ന ടോംകോ, ആറ് വർഷത്തോളം ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലുമായിരിന്നു. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസുകൾക്കുള്ള പൊന്തിഫിക്കൽ കമ്മിറ്റിയുടെ പ്രസിഡന്‍റ്, വിവിധയിടങ്ങളിലേക്കുള്ള വത്തിക്കാൻ പ്രതിനിധി തുടങ്ങി നിരവധി പ്രമുഖ സ്ഥാനങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർദ്ദിനാൾ ജോസെഫ് ടോംകോയുടെ വിടവാങ്ങലോടെ ലോകത്തെ ഏറ്റവും പ്രായമേറിയ കര്‍ദ്ദിനാള്‍ എന്ന ഖ്യാതി അംഗോളൻ കർദ്ദിനാളായ അലക്സാണ്ടർ ഡോ നാസിമെന്റോക്കാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് 97 വയസ്സുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക