India - 2024

ദേവസഹായം പിള്ളയുടെ വിശുദ്ധപദവി: കൃതജ്ഞതാബലി ഇന്ന്

പ്രവാചകശബ്ദം 05-06-2022 - Sunday

കന്യാകുമാരി: ഭാരതത്തിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനു ശേഷമുള്ള കൃതജ്ഞതാബലിക്കായി തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കാറ്റാടിമല ഒരുങ്ങി. ഇന്നു നടക്കുന്ന കൃതജ്ഞതാബലിയോടനുബന്ധിച്ച് കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും നടക്കും. വൈകുന്നേരം അഞ്ചിന് കാറ്റാടിമലയിൽ നടക്കുന്ന കൃതജ്ഞതാബലിയിൽ, ഫ്രാൻസിസ് മാർപാപ്പയുടെ ഭാരതത്തിലെ അപ്പസ്തോലിക പ്രതിനിധി ലെയോപോള്‍ഡോ ജിറെല്ലി പങ്കെടുക്കും.

സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച്ബിഷപ്പുമായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഗോവ ആർച്ച് ബിഷപ്പ് ഫിലിപി നേരി ഫെരാവോ, മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പ് ജോർജ് ആന്റണി സ്വാമി, കോട്ടാർ ബിഷപ്പ് നസ്രെന്‍ സൂസൈ, മധുരൈ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസ്വാമി തുടങ്ങിയവർ കാർമികത്വം വഹിക്കും. മാർത്താണ്ഡത്തിനടുത്ത് നാട്ടാലത്തു ജനിച്ച ദേവസഹായം പിള്ള ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. കഴിഞ്ഞ മാസം 15നാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.


Related Articles »