Youth Zone - 2025
ഈ വാരാന്ത്യത്തില്‍ തിരുപ്പട്ടം സ്വീകരിച്ചത് 70 നവ വൈദികർ; ചരിത്രം രചിച്ച് മെക്സിക്കൻ രൂപത
പ്രവാചകശബ്ദം 05-06-2022 - Sunday
ഗ്വാഡലജാര: മെക്സിക്കോയിലെ ഗ്വാഡലജാര അതിരൂപതയില്‍ ഈ വാരാന്ത്യത്തില്‍ തിരുപ്പട്ടം സ്വീകരിച്ചത് 70 നവ വൈദികർ. ഇന്നലെ ജൂൺ നാലാം തീയതിയും, ഇന്നുമായിട്ടാണ് പൗരോഹിത്യ സ്വീകരണ ചടങ്ങുകൾ നടന്നത്. മെക്സിക്കൻ രക്തസാക്ഷികളുടെ നാമധേയത്തിൽ അറിയപ്പെടുന്ന ദേവാലയത്തിൽ അതിരൂപതാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോസഫ് ഫ്രാൻസിസ്കോ ഒർട്ടേഗ മുഖ്യകാർമികത്വം വഹിച്ചു. സമൂഹത്തിലെ നാനാതുറകളിൽ ദൈവവിശ്വാസം അന്യമാകുന്ന കാലഘട്ടത്തിൽ ഇത്രയും വൈദികരെ ലഭിച്ചത് വലിയൊരു അനുഗ്രഹം ആണെന്ന് അതിരൂപതയുടെ ആഴ്ചപ്പതിപ്പിൽ ഗ്വാഡലജാര സെമിനാരിയുടെ വൈസ് റെക്ടർ പദവി വഹിക്കുന്ന ഫാ. ജുവാൻ കാർലോസ് എഴുതി.
ദൈവം ഇപ്പോഴും ആളുകളെ വിളിക്കുന്നു. ദൈവത്തിന്റെ ശബ്ദം ശക്തമാണ്. ദൈവത്തിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ തയ്യാറാകുന്ന യുവ ഹൃദയങ്ങൾ ഇപ്പോഴുമുണ്ട്. ക്രൈസ്തവ പീഡനം നടന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ക്രിസ്തു സാക്ഷികളായി ജീവൻ നൽകിയ വിശുദ്ധ ക്രിസ്റ്റഫർ മഗല്ലന്റെയും, മറ്റു രക്തസാക്ഷികളുടെയും ജീവിതം ഫാ. ജുവാൻ കാർലോസ് സ്മരിച്ചു. പുതുതായി തിരുപ്പട്ടം സ്വീകരിച്ചവരിൽ ചിലർ ഗ്വാഡലജാര സെമിനാരിയിലാണ് പൗരോഹിത്യ പരിശീലനം നേടിയത്. രക്തസാക്ഷികളുടെ ദേവാലയത്തിൽവച്ച് ജൂൺ മൂന്നാം തീയതി 7 സെമിനാരി വിദ്യാർഥികൾക്ക് ഡീക്കൻ പട്ടവും ലഭിച്ചു.