India - 2025

സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

13-06-2022 - Monday

കൊച്ചി: ബഫർസോൺ ഒരു കിലോമീറ്റർ വേണമെന്ന മന്ത്രിസഭാ തീരുമാനം 2010ൽ കൈക്കൊണ്ടിട്ട് ഇപ്പോൾ ബഫർ സോണിനെതിരെ പറയുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നു കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി. ബഫർസോൺ വനത്തിനകത്തു തന്നെ നിലനിർത്തി വനാതിർത്തിയിൽ ബഫർ സോൺ അവസാനിപ്പിക്കുന്ന രീതിയിൽ പുതിയ നിയമനിർമാണവും നോട്ടിഫിക്കേഷനും കൊണ്ടുവരണം. സർക്കാരിന്റെ നടപടികളാണ് സുപ്രീംകോടതിയിൽ നിന്നു കർഷകവിരുദ്ധവിധിയുണ്ടാകാൻ കാരണം. വന്യജീവി ആക്രമണത്തിന്റെ ഫലമായി ഏതാണ്ട് നാലു ലക്ഷത്തോളം ഹെക്ടർ കൃഷി ഭൂമി കൃഷി യോഗ്യമല്ലാതായിരിക്കുകയാണെന്ന്‍ സംഘടന ചൂണ്ടിക്കാട്ടി.

സർക്കാർ അനുകൂല നിലപാടെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവും പ്രചാരണപരിപാടികളും നടത്താൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷ ത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, വർക്കി നിരപ്പേൽ, ബേബി നെട്ടനാനി, ബെന്നി ആന്റണി, ചാർളി മാത്യു, ബാബു കദളിമറ്റം, ഐപ്പച്ചൻ തടിക്കാട്ട്, ചാക്കോച്ചൻ കാരാമയിൽ, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.