News

അമേരിക്കന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ നഗ്നയായ ഗര്‍ഭഛിദ്ര അനുകൂലിയുടെ അതിക്രമം

പ്രവാചകശബ്ദം 14-06-2022 - Tuesday

മിഷിഗണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തി നഗ്നയായി നിന്നുക്കൊണ്ട് ഗര്‍ഭഛിദ്ര അനുകൂലിയുടെ അതിക്രമം. ഡെട്രോയിറ്റിന് സമീപമുള്ള ഈസ്റ്റ്പോയിന്റിലെ സെന്റ്‌ വേറോണിക്ക ദേവാലയത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച പ്രതിഷേധം അരങ്ങേറിയത്. വിശുദ്ധ കുര്‍ബാന മദ്ധ്യേ വിവസ്ത്രയായി ദേവാലയത്തിലെ ഇരിപ്പിടത്തില്‍ കയറി നിന്ന് ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യം മുഴക്കികൊണ്ടായിരുന്നു സ്ത്രീയുടെ കൂട്ടരുടെയും അതിക്രമം. പ്രതിഷേധം നടത്തിയ മൂന്ന്‍ സ്ത്രീകളെയും ദേവാലയത്തിന് വെളിയിലേക്ക് കൊണ്ടുപോയി. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

“റൈസ് അപ് 4 അബോര്‍ഷന്‍ റൈറ്റ്സ്” എന്ന അബോര്‍ഷന്‍ അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധരിക്കുന്ന തരത്തിലുള്ള തലയില്‍ ധരിക്കുന്ന ഹാന്‍ഡ്കര്‍ച്ചീഫ് പോലെയുള്ള ബാനറുകളും ധരിച്ചു കൊണ്ടായിരുന്നു ഇവരുടെ അതിക്രമം. “ഗര്‍ഭഛിദ്ര നിയമസാധുതയുള്ള വിധി അട്ടിമറിക്കുകയോ? നരകം, ഇല്ല!” എന്നലറികൊണ്ടായിരുന്നു ഏതാണ്ട് പൂര്‍ണ്ണമായും നഗ്നയായ സ്ത്രീ ദേവാലയത്തിലെ ഇരിപ്പിടത്തില്‍ എഴുന്നേറ്റ് നിന്നത്. മറ്റ് രണ്ട് സ്ത്രീകളും ഇവര്‍ക്ക് ഒപ്പമുണ്ടായിരിന്നു. പ്രതിഷേധക്കാരെ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ദേവാലയത്തില്‍ ഉണ്ടായിരുന്ന മറ്റൊരു വ്യക്തി “ഭ്രൂണഹത്യയില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നു” എന്ന പ്രോലൈഫ് മുദ്രാവാക്യം ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.

ഗര്‍ഭഛിദ്രം മാരകമായ പാപമാണെന്ന സഭാപ്രബോധനത്തിന്റെ പേരില്‍ കത്തോലിക്ക ദേവാലയങ്ങള്‍ ലക്ഷ്യമാക്കി അബോര്‍ഷന്‍ അനുകൂലികള്‍ നടത്തുന്ന അക്രമങ്ങളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. അമേരിക്കയില്‍ അബോര്‍ഷന്‍ നിയമപരമാക്കിയ റോയ് വി. വേഡ് കേസിന്റെ വിധി അട്ടിമറിക്കുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തുക തുടങ്ങി അക്രമാസക്തമായ പ്രതിഷേധങ്ങളാണ് അബോര്‍ഷന്‍ അനുകൂലികള്‍ നടത്തിവരുന്നതെന്നു ആരോപണമുണ്ടായിരിന്നു.

ഇത് തടയുവാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും, ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്യം ഇ. ലോറിയും സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു. എല്ലാവരും ദൈവത്തിന്റെ സമാധാനത്തിന്റേതായ പാത തിരഞ്ഞെടുക്കണമെന്നും, ദൈവത്തിന്റെ സ്നേഹത്തിനായി ഹൃദയങ്ങളെ തുറക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് ഡോളന്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയര്‍മാനും, ആര്‍ച്ച് ബിഷപ്പ് ലോറി മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റിയുടെ ചെയര്‍മാനുമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക